മാന്നാർ: മണ്ഡല മകരവിളക്ക് പ്രമാണിച്ച് 25 കേന്ദ്രങ്ങളിൽ ക്യാമ്പുകൾ തുടങ്ങുമെന്നും അടിസ്ഥാന താവളമായ നിലയ്ക്കലിൽ എത്തുന്ന തീർത്ഥാടകർക്ക് ദേവസ്വം ബോർഡ് അന്നദാനം നടത്തണമെന്നും, അതിനു കഴിയുന്നില്ലെങ്കിൽ അയ്യപ്പ സേവാസംഘത്തെ അനുവദിക്കണമെന്നും അഖില ഭാരത അയ്യപ്പ സേവാസംഘം ആവശ്യപ്പെട്ടു. സർക്കാരിന്റെ 30 വകുപ്പുകൾ ചേർന്നാണ് തീർത്ഥാടന ഒരുക്കങ്ങൾ നടത്തുന്നതെന്നും കൃത്യമായ ഏകോപനം ഇല്ലാത്തതിന്റെ കുറവ് അനുഭവപ്പെടുന്നതായും അഖില ഭാരത അയ്യപ്പ സേവാസംഘം ദേശീയ ജന.സെക്രട്ടറി അഡ്വ.ഡി.വിജയകുമാർ പറഞ്ഞു. അഖില ഭരത അയ്യപ്പ സേവാസംഘം ബുധനൂർ മേഖലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡി.വിജയകുമാർ. ഹരിപാണുവേലി അദ്ധ്യക്ഷത വഹിച്ചു. രാജേഷ് തോപ്പിൽ, രാജേഷ്കുമാർ എൻ.ആർ.സി, ബാബു കല്ലൂത്ര, ബാലസുന്ദര പണിക്കർ, അഡ്വ.കെ.സന്തോഷ് കുമാർ, ഹരിദാസ് കിംകോട്ടേജ്‌, ഷാജി വേഴപ്പറമ്പിൽ, ഗണേശ് പുലിയൂർ, യശോധരൻ പാണ്ടനാട്, ബിജു നെടിയപ്പള്ളി, ശ്രീകുമാർ ചെറുതിട്ട എന്നിവർ സംസാരിച്ചു.