
മാവേലിക്കര: തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർ ഇന്ന് മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ സന്ദർശനം നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. അമൃത ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നസ്റ്റേഷനിൽ നിലവിലെ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായാണ് ഡിവിഷണൽമാനേജർ ഡോ.മനീഷ് തപ്ലയാൽ ഇന്ന് ഉച്ചയ്ക്ക് 1ന് എത്തുന്നത്.
അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര റെയിൽവേ സ്റ്റേഷന്റെ സിവിൽ ജോലികൾക്ക് 3.44 കോടി രൂപയും ഇലക്‌ട്രിക്കൽ ജോലികൾക്ക് 84 ലക്ഷം രൂപയും പ്ലാറ്റ്‌ഫോമിൽ കോച്ചുകളുടെ സ്ഥാനം അറിയുന്നതിനുള്ള ഡിസ്‌പ്ലേ ബോർഡുകൾ, ഇലക്‌ട്രോണിക് ഡിസ്‌പ്ലേ ബോർഡുകൾ, ഇൻഫർമേഷൻ സെന്റർ എന്നിവയ്ക്കായി 94 ലക്ഷം രൂപയും വൺ സ്റ്റേഷൻ വൺ പ്രോജക്ട്, ഫർണിച്ചർ എന്നിവയ്ക്കായി 29 ലക്ഷം രൂപയും സ്റ്റേഷന്റെ മുൻ വശത്തു ദേശീയപതാക സ്ഥാപിക്കുന്നതിനുള്ള തൂൺ തയ്യാറാക്കാൻ 13 ലക്ഷം രൂപയുമാണ് വച്ചിരിക്കുന്നത്.
റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്ന ഡിവിഷണൽ റെയിൽവേ മാനേജർക്കൊപ്പം റെയിൽവേയുടെ വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും അനുഗമിക്കുമെന്ന് എംപി പറഞ്ഞു.