sravan

ആലപ്പുഴ: പേരിലെ സാമ്യം മൂലം ഹോംസ്റ്റേയിൽ കയറി വിദേശികളുടെ മുമ്പിൽ വെച്ച് ഹോംസ്റ്റേ ഉടമയെ ഇരുമ്പു പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടി. കളർകോട് വാർഡിൽ അഴിയകത്ത് വീട്ടിൽ അച്ചു എന്നറിയപ്പെടുന്ന ശ്രാവൺ (31) ആണ് പിടിയിലായത്. ആഗസ്റ്റ് 25 ന് രാത്രി 8നായിരുന്നു കേസ്സിനാസ്പദമായ സംഭവം.

സീവ്യൂ വാർഡിൽ പഞ്ഞിക്കാരൻ വീട്ടിൽ പോൾ ജോർജിനാണ് (30) മർദ്ദനമേറ്റത്. ആലപ്പുഴ മുപ്പാലത്തിന് വടക്കുഭാഗത്ത് നടത്തുന്ന ഹോംസ്റ്റേയിൽ കയറിയാണ് ആക്രമിച്ചത്. പോൾ ജോർജ്ജിന്റെ ബന്ധുവായ മറ്റൊരു പോളിനെ തിരക്കിയായിരുന്നു പ്രതി ഹോംസ്റ്റേയിൽ ചെന്നത്. ഹോം സ്റ്റേയുടെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ വാതിൽ തുറന്ന പോൾ ജോർജ്ജിനോട് , പോൾ ആണോ എന്ന് തിരക്കിയതിന് ശേഷമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ പോൾ ജോർജ്ജിന് ഹോം സ്റ്റേയിൽ താമസിച്ചിരുന്ന വിദേശികളാണ് പ്രഥമ ശുശ്രൂഷ നൽകിയത്. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതി ശ്രാവൺ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് കഴിഞ്ഞദിവസം വീട്ടിലെത്തിയ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ശ്രാവണിന്റെ സുഹൃത്തും, പെൺസുഹൃത്തുമായിട്ടുള്ള ബന്ധം തെറ്റിയത് പോളുമായുള്ള സുഹൃത്ത് ബന്ധം ആരംഭിച്ചത് മൂലമാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതി ആക്രമണം നടത്തിയത്. ആലപ്പുഴ സൗത്ത് പൊലീസ് സി. ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.