ആലപ്പുഴ : മണ്ണ് ക്ഷാമത്തെത്തുടർന്ന് ജില്ലയിൽ ദേശീയപാത നിർമ്മാണം മുന്നോട്ട് നീങ്ങാതിരിക്കുമ്പോഴും വേമ്പനാട്ട് കായലിലും തോട്ടപ്പള്ളി ലീഡിംഗ് ചാനലിലും ഖനനം നടത്തി മണ്ണെടുക്കുന്നതിൽ തീരുമാനം നീളുന്നു.
കുട്ടനാട്ടിലെ കൃഷിക്കുംപരിസ്ഥിതിക്കും ദോഷംവരാത്ത വിധത്തിലുള്ള ഖനനത്തിന് ജില്ലാഭരണകൂടത്തിൽ നിന്നും സർക്കാരിൽ നിന്നും അന്തിമാനുമതി വൈകുന്നതാണ് തടസം. കൃഷി, ജലസേചനം, കായൽവികസനം, കുഫോസ്, ഫിഷറീസ്, മൈനിംഗ് ആൻഡ് ജിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയെങ്കിലും മാർഗനിർദേശം ഇനിയും ലഭ്യമായിട്ടില്ല.
നിലവിൽ എക്കലും ചെളിയും മാലിന്യങ്ങളും മൂടിയ നിലയിലാണ് കായൽ. ശരാശരി രണ്ട് മീറ്ററിലധികം ആഴത്തിൽ എക്കലുംചെളിയും പമ്പ് ചെയ്ത് നീക്കിയശേഷം അരമീറ്ററോളം മണ്ണ് ഖനനം ചെയ്യാമെന്നാണ് കണക്കാക്കുന്നത്.
ഡ്രഡ്ജ് ചെയ്യുന്ന മണ്ണിന്റെ തോത് കണക്കാക്കി അതിന് മൈനിംഗ് ആൻഡ് ജിയോളജിയും റവന്യൂവകുപ്പും നിശ്ചയിക്കുന്ന റോയൽട്ടി ഒടുക്കിയാൽ മാത്രമേ നിർമ്മാണ കമ്പനിക്ക് മണ്ണ് ഉപയോഗിക്കാൻ കഴിയൂ. പുന്നമട മുതൽ മുഹമ്മവരെയുള്ള അഞ്ചര കിലോമീറ്ററോളം കായൽ പരപ്പാണ് ഡ്രഡ്ജിംഗിനായി കണ്ടെത്തിയിട്ടുള്ളത്.
അഷ്ടമുടിക്കായലിൽ ഡ്രഡ്ജിംഗ് തുടങ്ങി
1.കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിൽ നിന്ന് മണ്ണ് ഖനനം ചെയ്ത് ദേശീയ പാതയുടെയും കാവനാട് - കൊട്ടിയം ബൈപ്പാസിന്റെയും നിർമ്മാണത്തിന് ഉപയോഗിച്ച് തുടങ്ങി
2.റോഡ് നിർമ്മാണത്തിന് ചുമതലയുള്ള കരാർ കമ്പനിക്കാണ് ഡ്രഡ്ജിംഗിന്റെയും ചുമതല. ഡ്രഡ്ജ് ചെയ്തെടുക്കുന്ന ഓരോ ലോഡ് മണ്ണിനും സർക്കാരാണ് വില (ജി.എസ്.ടി ഉൾപ്പെടെ) നിശ്ചയിക്കുന്നത്
3.ജില്ലയിലെ അരൂർ- തുറവൂർ, തുറവൂർ- പറവൂർ, ആലപ്പുഴ ബൈപ്പാസ്, പറവൂർ- കൊറ്റുകുളങ്ങര റീച്ചുകളിലെ നിർമ്മാണമാണ് ആവശ്യാനുസരണം മണ്ണ് ലഭിക്കാത്തതിനാൽ ഇഴയുന്നത്.
മണ്ണ് കിട്ടാതെ മുന്നോട്ട് പോകാനാകില്ല
അഞ്ച് ലക്ഷം ക്യൂബിക്ക് അടി മണ്ണാണ് ആലപ്പുഴയിൽ നിർമ്മാണത്തിനായി വേണ്ടത്. കിഴക്കൻ മലകളിൽ നിന്ന് ഇത്രയധികം മണ്ണ് ഖനനം ചെയ്യുക പ്രായോഗികമല്ലാത്തതിനാൽ കായൽ ഖനനം ചെയ്ത് മണ്ണ് കണ്ടെത്താനാണ് തീരുമാനം. കാലവർഷം പിൻവാങ്ങിയ പശ്ചാത്തലത്തിൽ എത്രയും വേഗം ഖനനത്തിനുള്ള നടപടികൾ ഊർജിതമാക്കി മണ്ണ് ലഭ്യമാക്കുകമാത്രമാണ് പ്രതിസന്ധിക്ക് പരിഹാരം.
ഖനനം
പുന്നമട- മുഹമ്മ 
 5.5കി.മീറ്റർ
 2.5 ലക്ഷം ക്യൂബിക്ക് മീറ്റർ മണ്ണ്
തോട്ടപ്പള്ളി ലീഡിംഗ് ചാനൽ
 6കി.മീറ്റർ
 3 ലക്ഷം ക്യുബിക്ക് മീറ്റർ മണ്ണ്
കൊല്ലം റീച്ചിൽ അഷ്ടമുടിക്കായലിൽ നിന്ന് മണ്ണ് ലഭ്യമായിക്കഴിഞ്ഞു. ആലപ്പുഴയിൽ ഖനനത്തിനുള്ള താമസം നാല് റീച്ചുകളിലെയും നിർമ്മാണത്തെ ബാധിച്ചിട്ടുണ്ട്. എത്രയും വേഗം മണ്ണ് ലഭ്യമാക്കാൻ സർക്കാർ തയ്യാറാകണം.
- പ്രോജക്ട് ഡയറക്ടർ, ദേശീയപാത 66