photo

ആലപ്പുഴ : ഗാന്ധി സ്മൃതിവനത്തിനായി ഏറ്റെടുത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും പുറക്കാട്ടെ മണക്കൽ പാടശേഖരം പാമ്പുകളുടെ താവളമായി അവശേഷിക്കുന്നു. ഇതിനകം ഇരുപതു പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. മാറിമാറി പ്രഖ്യാപിച്ച പല പദ്ധതികൾക്കൊടുവിൽ വനംവകുപ്പിന്റെ ജില്ലാ നഴ്സറിയാണ് ഇപ്പോൾ തുടങ്ങുന്നത്.

ഐ.ടി പാർക്കിനോട് ചേർന്നുള്ള, നിരപ്പായ മൂന്ന് ഹെക്ടറിൽ മൂന്ന് പദ്ധതികൾ നടപ്പാക്കാനാണ് ലക്ഷ്യം. ജില്ലാ നഴ്‌സറി, ജൈവവൈവിദ്ധ്യ പാർക്ക്, പരിസ്ഥിതി സൗഹൃദ ടൂറിസം എന്നിവയാണ് ഇവ. ഓരോ പദ്ധതിയും ഓരോ ഹെക്ടർ വീതം സ്ഥലത്താകും. അരക്കോടിരൂപ ചെലവ് വന്ന ജില്ലാ നഴ്‌സറിയുടെ നിർമ്മാണം പൂർത്തിയായി. ഇതിന്റെ സമർപ്പണം ഇന്ന് മന്ത്രി എ.കെ.ശശിന്ദ്രൻ നിർവഹിക്കും. ഇതിനോട് ചേർന്നുള്ള ജൈവ വൈവിദ്ധ്യ പാർക്കിന്റെയും പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതിയുടെയും ഡി.പി.ആർ ഉടൻ തയ്യാറാക്കും. അപ്പോഴും ഗാന്ധി സ്മൃതിവനം നടപ്പാകുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു.

മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എങ്ങുമെത്താതെ

 1994ലാണ് മണക്കൽ കരിനിലത്ത് ദേശീയപാർക്കിന് കേന്ദ്രംഅനുമതി നൽകിയത്. സ്ഥലം ഏറ്റെടുക്കാൻ രണ്ടു കോടിയും അനുവദിച്ചു

 1994 ഒക്ടോബർ രണ്ടിന് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ സ്ഥാപിച്ച ശിലാഫലകം പിന്നീട് തകർക്കപ്പെട്ടു

 പിന്നീട് ഡി.സുഗതൻ മുൻകൈയ്യെടുത്ത് ഇവിടെ രണ്ടു കോടിയുടെ ഇക്കോ ടൂറിസം പദ്ധതിക്ക് രൂപം നൽകി

 കേരള ഫോറസ്റ്റ് ഡെവലപ്പ്മെന്റ് കോർപ്പറേഷന് ചുമതലനൽകിയെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ല

സ്മൃതിവനം പദ്ധതി നടപ്പിലായാൽ ജില്ലയിൽ 687എക്കർ സ്ഥലത്ത് വനം സാദ്ധ്യമാകും
 വി.എസ് സർക്കാരിന്റെ കാലത്ത് 80ഏക്കർ സ്ഥലം ഐ.ടി പാർക്കിന് വിട്ടുകൊടുത്തിരുന്നു

 പരിസ്ഥിതിലോലപ്രദേശത്ത് നിർമ്മാണംപാടില്ലെന്ന കാരണത്താൽ പാർക്ക് പാതിവഴിയിൽ ഉപേക്ഷിച്ചു

ജില്ലാ നഴ്‌സറിയുടെ പ്രവർത്തനം നാളെ ആരംഭിക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി വനം വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കാനുള്ള പ്രവർത്തനം ആരംഭിക്കും

- ആന്റണി, ഫോറസ്റ്റ് കൺസർവേറ്റർ, ആലപ്പുഴ

പദ്ധതി പ്രദേശം കൃഷിക്കായി സർക്കാർ ലേലം ചെയ്തു നൽകണം. ചിത്തിര, മാർത്താണ്ഡം കായലുകളിലെ അതേ മാതൃകയിൽ നെൽകൃഷി ഇറക്കണം

- സി.കുഞ്ഞുമോൻ, പൊതുപ്രവർത്തകൻ

മണക്കൽ പാടശേഖരം

 ആകെ വിസ്തൃതി : 587 ഏക്കർ

 ഏറ്റെടുത്തത് : 472 ഏക്കർ

 ഏറ്റെടുക്കാത്ത സ്ഥലം: 115 എക്കർ

ഇപ്പോൾ തുടങ്ങുന്ന 3 പദ്ധതികൾ

 വനംവകുപ്പിന്റെ ജില്ലാ നഴ്‌സറി

 ജൈവ വൈവിദ്ധ്യ പാർക്ക്

 പരിസ്ഥിതി സൗഹൃദ ടൂറിസം