ചാരുംമൂട് : കവയിത്രി സുഗതകുമാരിയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ' സുഗതവനം' ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ 'അക്ഷരജ്യോതി' പുരസ്കാരം ആലപ്പുഴ താമരക്കുളം വിജ്ഞാന വിലാസിനി ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിക്കും. കഴിഞ്ഞകാലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡ് നൽകാൻ ട്രസ്റ്റ് തീരുമാനിച്ചത്.
ലോക അദ്ധ്യാപകദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രൈമറി അധ്യാപകർക്കുള്ള പ്രഥമ 'ഗുരുജ്യോതി' പുരസ്കാര വിതരണ വേദിയിൽ വച്ച് സ്കൂളിനുള്ള ആദരവ് സമർപ്പിക്കും. പ്രശസ്തി പത്രവും ഫലകവും 10001 രൂപയുമാണ് സമ്മാനത്തുക. ഡോ. ജിതേഷ്ജി, കെ വി രാമാനുജൻ തമ്പി, ഡോ. വൈ ജോയി, ശൂരനാട് രാധാകൃഷ്ണൻ തുടങ്ങിയവരുടെ പാനലാണ് അവാർഡുകൾ തീരുമാനിച്ചത്. ഒക്ടോബർ 25ന് വൈകിട്ട് മൂന്നിന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന അവാർഡ് വിതരണചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, ഡോ. ജിതേഷ്‌ജി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരിക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എൽ സുഗതൻ അറിയിച്ചു.