pc-harikumar

മാന്നാർ : തെങ്ങുകൃഷിയിൽ ശാസ്ത്രീയപരിചരണങ്ങൾ അവലംബിച്ചു നാളികേര ഉത്പാദനം വർദ്ധിപ്പിക്കാനായി ആവിഷ്‌കരിച്ച 'കേരഗ്രാമം' പദ്ധതിക്ക് മാന്നാർ ഗ്രാമപഞ്ചായത്തിൽ തുടക്കമാകും. കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, മാന്നാർ ഗ്രാമപഞ്ചായത്ത്, മാന്നാർ കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഈ വർഷം മുതൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.

തെങ്ങുകളുടെ തടംതുറക്കൽ, തെങ്ങിൻതോപ്പുകളിൽ ഇടവിളകൃഷി പ്രോത്സാഹനം, ശാസ്ത്രീയപരിചരണം, സംയോജിത വളപ്രയോഗം, കീടരോഗ നിയന്ത്രണം, കീടരോഗം കാരണം ഉൽപ്പദനം കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി തെങ്ങിൻ തൈകൾ നടുക, ജലസേചന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി പമ്പുസെറ്റ് വിതരണം, തെങ്ങ്കയറ്റ യന്ത്രവിതരണം, ജൈവവള നിർമ്മാണ യുണിറ്റുകൾ സ്ഥാപിക്കൽ, പഞ്ചായത്ത് തല മൂല്യവർദ്ധന യുണിറ്റ് തുടങ്ങിയ വിവിധയിനം കർമ്മ പരിപാടികൾ ആണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാർഷിക വികസനസമിതി അംഗങ്ങൾ, പാടശേഖര സമിതി ഭാരവാഹികൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുകത യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു.

വാർഡുതല യോഗങ്ങൾ അടുത്തദിവസം മുതൽ

 പഞ്ചായത്തിലെ 18 വാർഡുകളിലും പദ്ധതി നിർവഹണ കമ്മിറ്റി രൂപീകരിക്കും

 ഈ കമ്മിറ്റികളുടെ കൺവീനർമാരെ ഉൾപ്പെടുത്തി പഞ്ചായത്തുതല കേരസമിതി രൂപീകരിക്കും

 ഇതിനായി അടുത്തദിവസം മുതൽ വാർഡുതല കേരഗ്രാമം യോഗങ്ങൾ 22 ന് ആരംഭിക്കും

 കേരസമിതി രജിസ്റ്റർ ചെയ്തതിനു ശേഷം കേരകർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കും

 തുടർന്ന് വാർഡുതലത്തിൽ സർവ്വേ നടത്തി ഡാറ്റ തയ്യാറാക്കി പദ്ധതി നിർവഹണം ആരംഭിക്കും

പദ്ധതി കാലയളവ് : 3 വർഷം

പദ്ധതിക്കായി ചിലവഴിക്കുന്നത്

 ആദ്യ വർഷം : 20 ലക്ഷം

 രണ്ടാംവർഷം : 8 ലക്ഷം

 മൂന്നാംവർഷം: 6 ലക്ഷം

മാന്നാർ ഗ്രാമപഞ്ചായത്തിൽ ഒരു ഹെക്ടറിൽ 175 തെങ്ങുകളെന്ന നിലയിൽ 100 ഹെക്ടറിൽ 17500 തെങ്ങുകൾ പരിപാലിച്ച് ഉത്പാദനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരകർഷകർക്ക് മികച്ച സേവനങ്ങൾ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
-പി.സി ഹരികുമാർ, മാന്നാർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ

അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതോടൊപ്പം ആധുനിക കൃഷിരീതികളിലൂടെ മെച്ചപ്പെട്ട സേവനങ്ങൾ കർഷകരിൽ എത്തിക്കുകയെന്ന സർക്കാരിന്റെ നയങ്ങൾ നടപ്പാക്കുകയാണ് കേരഗ്രാമത്തിലൂടെ പഞ്ചായത്തും കൃഷിഭവനും ലക്ഷ്യം വയ്ക്കുന്നത്

-ടി.വി രത്നകുമാരി, പ്രസിഡന്റ് മാന്നാർ ഗ്രാമപഞ്ചായത്ത്