road-thakarthu

മാന്നാർ: ഏറെ നാളുകളായി തകർന്നുകിടന്ന പരുമലക്കടവ്-കടപ്രമഠം റോഡിലെ ദുരിതയാത്രയ്ക്ക് ആശ്വാസമായി കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കിയ റോഡിലൂടെ സ്‌കൂട്ടർ ഓടിച്ചു കയറ്റി നാശം വരുത്തി. പരുമലക്കടവ് -കടപ്രമഠം റോഡിലെ പരുമലക്കടവിന് പടിഞ്ഞാറ് അഞ്ചാം വാർഡിൽപെട്ട ഓടാട്ട് ക്ഷേത്രജംഗ്ഷൻ ഉൾപ്പെടുന്ന ഭാഗം 73 മീറ്റർ ദൂരം കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാക്കിയത് ശനിയാഴ്ച വൈകിട്ടായിരുന്നു. ഇതുവഴിയുള്ള ഗതാഗതം 19 മുതൽ 27വരെ നിരോധിച്ചതായി മാന്നാർ ഗ്രാമപഞ്ചായത്ത് എൻജിനിയറിംഗ് സെക്ഷൻ അസി.എൻജിനിയർ നേരത്തെ ഉത്തരവും പുറപ്പെടുവിച്ചിരുന്നു. വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ റോഡിന്റെ ഇരുഭാഗത്തും മുളയും വീപ്പകളും സ്ഥാപിച്ച ശേഷമാണ് കരാർ ജോലിക്കാർ പണി പൂർത്തിയാക്കി പോയത്. ശനിയാഴ്ച രാത്രിയോടെ തടസങ്ങളെല്ലാം വലിച്ച് മാറ്റി സ്‌കൂട്ടർ ഓടിച്ച്‌ കയറ്റി കോൺക്രീറ്റിംഗിന്റെ പല ഭാഗങ്ങളും നശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ വിവരം അറിഞ്ഞ വാർഡ് മെമ്പർ ഷൈന നവാസ്, ഗ്രാമപഞ്ചായത്ത് എൻജിനിയറിംഗ് സെക്ഷൻ അസി.എൻജിനിയർ സുമി സുരേഷ് ബാബു എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു. മാന്നാർ പൊലീസിൽ പരാതി നൽകിയതിനെതുടർന്ന് സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മാന്നാർ പൊലീസ് അറിയിച്ചു.