
മാവേലിക്കര : മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ 315 പോയിന്റ് നേടി തുടർച്ചയായി 32 വർഷത്തിലും മാവേലിക്കര ഉപജില്ല കായികമേളയിൽ ഓവറാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 144 പോയിന്റ് നേടി സി.ബി.എം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 99 പോയിന്റ് നേടിയ കുറത്തികാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. എൽ.പി മിനി വിഭാഗത്തിൽ ഗവ.എൽ.പി.എസ് പാലമേൽ, എൽ.പി കിഡ്ഡീസ് വിഭാഗത്തിൽ ഗവ.യു.പി.എസ് കണ്ണമംഗലം എന്നിവർ ചാമ്പ്യൻഷിപ്പ് നേടി. സബ് ജൂനിയർ വിഭാഗത്തിൽ സി.ബി.എം ഹയർ സെക്കൻഡറി സ്കൂൾ നൂറനാടും ജൂനിയർ സീനിയർ വിഭാഗങ്ങളിൽ മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളും ചാമ്പ്യൻമാരായി.
സീനിയർ ബോയ്സ് വിഭാഗത്തിൽ ജഹത് ജെ.ബി (സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മറ്റം) വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടി. സീനിയർ ഗേൾസ് വിഭാഗത്തിൽ അലിയ നിസാർ (സി.ബി.എം ഹയർ സെക്കൻഡറി സ്കൂൾ നൂറനാട്), സരിക പ്രസാദ് (ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മാവേലിക്കര) അമൽ അബ്ദുല്ല (സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ മറ്റം) എന്നിവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കിട്ടു
സമാപന സമ്മേളനം എ.ഇ.ഒ ഭാമിനി.എൻ ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ശ്രീകല അധ്യക്ഷയായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാജേഷ് സമ്മാനദാനം നിർവഹിച്ചു. തെക്കേക്കര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയംഗം വി.രാധാകൃഷ്ണൻ, ഓമനക്കുട്ടൻ, ഡേവിഡ് ജോസഫ്, ഡോ.വർഗീസ് പോത്തൻ തുടങ്ങിയവർ സംസാരിച്ചു. പോരുവഴി ബാലചന്ദ്രൻ സ്വാഗതവും സബ് ജില്ലാ സ്പോർട്സ് കൺവീനർ അരവിന്ദ് നന്ദിയും പറഞ്ഞു.