
ചാരുംമൂട്: കേരള സർവകലാശാല - പന്തളം എൻ.എസ്.എസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയത്തോടെ എസ്.ജെ.ഫാത്തിമ (എസ്.എഫ്.ഐ) ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത കോളേജ് യൂണിയന്റെ അദ്ധ്യക്ഷയാവുന്നത്. രണ്ടാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയും എസ്.എഫ്.ഐ ചാരുംമൂട് ഏരിയാ കമ്മിറ്റിയംഗവും താമരക്കുളം തെക്ക് മേഖലാ പ്രസിഡന്റുമാണ് ഫാത്തിമ. വൈസ് ചെയർമാനായി മൂന്നാം വർഷ ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥിനിയും ചാരുംമൂട് താമരക്കുളം കണ്ണനാകുഴി സ്വദേശിനിയുമായ ഗൗരിനന്ദനയും തിരഞ്ഞെടുക്കപ്പെട്ടു. മുഴുവൻ സീറ്റുകളും വിജയിച്ച് എസ്.എഫ്.ഐ കോളേജ് യൂണിയൻ നിലനിറുത്തി.