tur

തുറവൂർ: ദേശീയപാതയിലെ തിരക്കേറിയ ബസ് സ്റ്റോപ്പിനരികിൽ ജല അതോറിട്ടിയുടെ വലിയ പൈപ്പുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും വിനയാകുന്നു. തുറവൂർ ജംഗ്ഷനിലെ പടിഞ്ഞാറെ ബസ് സ്റ്റോപ്പിനരികിൽ രണ്ട് ഡസനോളം വലിയ പൈപ്പുകളാണ് പാതയോരത്ത് മാസങ്ങളായി അനാഥമായി കിടക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി സ്ഥലമേറ്റെടുത്തതിനെ തുടർന്ന് തുറവൂർ മഹാക്ഷേത്രക്കുളമതിലിനോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ മുറിച്ചതിന്റെ അവശിഷ്ടങ്ങളും റോഡിൽ നിന്ന് പിഴുതുമാറ്റിയ ഇരുമ്പ് കൊടിമരവും ഇതിനൊപ്പം യാതൊരു മുൻകരുതലുമില്ലാതെ കൂട്ടിയിട്ടത് ഇതുവരേയും നീക്കിയിട്ടില്ല. തുറവൂർ ഓട്ടോ ടാക്സി സ്റ്റാൻഡിന് മുൻഭാഗത്ത് ഇവയെല്ലാം കിടക്കുന്നത് ഡ്രൈവർമാർക്കും ദുരിതമാകുന്നുണ്ട്. ഇഴജന്തുക്കളുടെ ശല്യവും ഏറിയതായി നാട്ടുകാർ പറയുന്നു. ഏറ്റവുമധികം ആളുകൾ എത്തുന്ന തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവവും ഉടൻ ആരംഭിക്കുന്നതിനാൽ ദേശീയപാതയോരത്ത് വഴിമുടക്കി കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകളും തടി അവശിഷ്ടങ്ങളും മറ്റും ഉടൻ മാറ്റണമെന്നാവശ്യം ഉയരുന്നു.