karee

ആലപ്പുഴ : ഇരുട്ടു വീണാൽ ഏതുനിമിഷവും കടന്നുവന്നേക്കാവുന്ന ഇഴജന്തുക്കളെ ഭയന്നാണ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ, ദേശീയപാതയിൽ നിന്ന് അകത്തേക്ക് മാറി എൻ.ടി.പി.സി വക കെട്ടിടത്തിലാണ് ഒരു പതിറ്റാണ്ടിലേറെയായി സ്റ്റേഷന്റെ പ്രവർത്തനം. വനിതകളുൾപ്പെടെ 38 പേരാണ് ഇവിടെ ജോലി നോക്കുന്നത്.

പൊലീസ് സ്റ്റേഷന്റെ നാലുവശവും കാടും വെള്ളക്കെട്ടും നിറഞ്ഞിരിക്കുന്നതിനാലാണ് ഇഴജന്തുശല്യം വർദ്ധിച്ചത്. തൊണ്ടിമുതലുകളും കസ്റ്റഡി വാഹനങ്ങളും സൂക്ഷിക്കാനുള്ള സ്ഥല പരിമിതിയും വാഹനങ്ങളുടെ കുറവുമുൾപ്പെടെ പരാധീനതകൾക്ക് നടുവിലാണ് സ്റ്റേഷന്റെ പ്രവ‌ർത്തനം.

ഇവിടെ ലോക്കപ്പില്ലാത്തതിനാൽ കുറ്റവാളികളെ സൂക്ഷിക്കാൻ ഹരിപ്പാട് സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ദേശീയപാതയും തീരദേശവുമുൾപ്പെടെ മൂന്ന് പഞ്ചായത്തുകളിലായി വിശാലമായ അധികാരപരിധിയുള്ള സ്റ്റേഷനുകളിലൊന്നാണ് കരീലക്കുളങ്ങര. താപവൈദ്യുത നിലയത്തിനായി എൻ.ടി.പി.സി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടമാണ് പൊലീസ് സ്റ്റേഷനുവേണ്ടി തുച്ഛമായ വാടകയ്ക്ക് വിട്ടുനൽകിയത്. താപവൈദ്യുത നിലയത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്താണ് കെട്ടിടം വിട്ടുകൊടുത്തത്. എന്നാൽ, തങ്ങൾക്ക് മാത്രമായൊരു സ്റ്റേഷനെന്ന പരിഗണന ലഭിക്കാതിരുന്നതിനാൽ കെട്ടിടത്തിൽ പിന്നീട് നവീകരണത്തിന് എൻ.ടി.പി.സി തയ്യാറായില്ല. പൊലീസുകാർ കൈയ്യിൽനിന്ന് പണംമുടക്കിയാണ് അത്യാവശ്യം അറ്റകുറ്റപ്പണികൾ നടത്തിയത്.

പ്രാഥമിക സൗകര്യങ്ങൾ പോലുമില്ല

 കെട്ടിടത്തിന്റെ കാർപോർച്ച് കെട്ടി അടച്ചതാണ് സി.ഐയുടെ റൂം

 മേൽക്കൂരയ്ക്ക് ഉയരം കുറവായതിനാൽ ചൂടുകാലത്ത് ഇവിടെ ഇരിക്കാനാകില്ല

 പൊലീസുകാർക്ക് വിശ്രമിക്കാനോ വസ്ത്രം മാറാനോ പോലും ആവശ്യത്തിന് സൗകര്യമില്ല

 ആകെ ഒരുമുറിയാണ് ഇത്തരം ആവശ്യങ്ങൾക്കുള്ള ആശ്രയം
 സ്റ്റേഷന് പുറത്ത് ആകെയുള്ള ടോയ്ലറ്റ് മഴക്കാലത്ത് ഉപയോഗിക്കാൻ കഴിയില്ല

ഭൂമിയുണ്ട്, വേണ്ടത് അനുമതി

സ്പിന്നിംഗ് മില്ലിന് സമീപത്തായി 24 സെന്റ് വസ്തു സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഭൂമി ഏറ്റെടുക്കാനും കെട്ടിട നിർമ്മാണത്തിനും ആഭ്യന്തര വകുപ്പിന്റെ അനുമതി തേടി. ഭൂമി സ്വന്തമാക്കിയാൽ പൊലീസിന്റെ ഫണ്ടോ എം.എൽ.എ,​ എം.പി ഫണ്ടുകളോ വിനിയോഗിച്ച് കെട്ടിടം നിർമ്മിക്കാനാകുമെന്നാണ് പ്രതീക്ഷ.

അധികാര പരിധി

പത്തിയൂർ,​ ചിങ്ങോലി,​ ചേപ്പാട് പഞ്ചായത്തുകൾ

കേസുകൾ (പ്രതിവർഷം)

1200

സ്ഥലപരിമിതിയും അസൗകര്യങ്ങളുമുണ്ട്. സ്വന്തം കെട്ടിടം ലഭ്യമായാലേ ഇതിന് പരിഹാരമാകുകയുള്ളൂ

- എസ്.എച്ച്.ഒ,​ കരീലകുളങ്ങര

ലേഖകന്റെ ഫോൺ : 9446815227