ആലപ്പുഴ : നഗരസഭയുടെ പഴയ മാലിന്യസംഭരണകേന്ദ്രമായിരുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് 17ാം വാർഡിലെ സർവോദയപുരത്തെ ഒന്നാംഘട്ട ബയോമൈനിംഗ് പൂർത്തിയായിട്ട് ആറ് മാസം പിന്നിട്ടിട്ടും രണ്ടാംഘട്ടത്തിന് തുടക്കമായിട്ടില്ല. ടെൻഡർ പൂർത്തിയായെന്നും ഒരുമാസത്തിനകം കരാർകമ്പനിയുമായി എഗ്രിമെന്റ് തയാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്നുമാണ് നഗരസഭാധികൃതർ പറയുന്നത്.

സർവോദയപുരത്തെ പന്ത്രണ്ട് ഏക്കറോളമുള്ള മാലിന്യസംഭരണ പ്രദേശത്തെ ആറ് എക്കറിലാണ് ബയോമൈനിംഗ് പൂർത്തിയാക്കിയത്.ആകെയുള്ള 55,000 ഘനമീറ്റർ മാലിന്യത്തിൽ 29,000 ഘനമീറ്ററിനടുത്ത് നീക്കം ചെയ്തു. ബാക്കിയുള്ളവ മാലിന്യമലയായി അവശേഷിക്കുകയാണ്. ആദ്യഘട്ടത്തിന് കരാറെടുത്ത കോഴിക്കോട്ടെ എം.സി.കെ കുട്ടി എൻജിനീയറിംഗ് പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാംഘട്ടത്തിന്റെയും ടെൻഡെറുത്തിട്ടുള്ളത്. ഒന്നാംഘട്ടം പൂർത്തിയായതോടെ മെഷീനറികൾ തിരികെക്കൊണ്ടുപോയിരുന്നു. ഇവ തിരികെ എത്തിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ സിമന്റ് കമ്പനിയിലേക്കും, പുനരുപയോഗ സാദ്ധ്യതയുള്ളവ അത്തരം കേന്ദ്രങ്ങളിലേക്കും കയറ്റി അയക്കും. ബയോമൈനിംഗ് പൂർത്തിയാകുമ്പോൾ തുറസായ ഭൂമിയായി നഗരസഭയ്ക്ക് ലഭിക്കും. ബ്രഹ്‌മപുരം തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് കാവലേർപ്പെടുത്തിയിട്ടുണ്ട്.

എന്ന് വരും ഹരിത ഹബ്ബ്

1. വൃത്തിയാക്കി ലഭിക്കുന്ന 12 ഏക്കറിൽ അന്താരാഷ്ട്ര നിലവാരമുള്ള ഹരിത ഹബ്ബ് സജ്ജമാക്കാനാണ് നഗരസഭയുടെ പദ്ധതി

2. മാലിന്യം മാറ്റിയാലും മാലിന്യസംഭരണ കേന്ദ്രമായിരുന്ന പ്രദേശം മറ്റ് പദ്ധതികൾക്കായി ഉപയോഗിക്കുന്നതിന് നിയമ തടസമുണ്ട്

3. ഇതോടെയാണ് ആലപ്പുഴ മോഡൽ മാലിന്യസംസ്‌കണം നേരിൽ കാണാനുള്ള കേന്ദ്രമായി സർവോദയപുരത്തെ മാറ്റാൻ തീരുമാനിച്ചത്

4 . രണ്ടാംഘട്ടത്തിന്റെ കരാർ പൂർത്തിയായി പ്രവൃത്തികൾ പൂർണമാകാൻ കാലതാമസമുണ്ടാകും

5. തുടർന്ന് ഹരിത ഹബ്ബ് പദ്ധതി ആവിഷ്ക്കരിച്ചുവരുമ്പോൾ നിലവിലെ കൗൺസിലിന്റെ കാലാവധി അവസാനിച്ചേക്കും

അവസാനിക്കാത്ത ദുരിതം

സർവ്വോദയപുരത്ത് മാലിന്യനിക്ഷേപം അവസാനിച്ചിട്ട് 12വർഷമായെങ്കിലും, കെട്ടിക്കിടക്കുന്ന മാലിന്യം പ്രദേശവാസികൾക്ക് തലവേദനയാണ്. പ്ലാന്റിന് സമീപത്തെ വീടുകളിലേക്ക് ഇവിടെ നിന്ന് ഇഴജന്തുക്കളെത്തും. ഇവിടെയുള്ള വൃക്ഷങ്ങളിൽ നിന്ന് അടുത്ത വീടുകളുടെ മേൽക്കൂരയിൽ ഇലവീഴുന്നതിനെയും മതിലിന്റെ പൊളിഞ്ഞഭാഗത്ത് കൂടി നായ്ക്കൾ മാലിന്യം വലിച്ചുകൊണ്ടുവരുന്നതിനെയും പറ്റി പരാതിപ്പെട്ടിട്ടും നഗരസഭയിൽ നിന്ന് മറുപടി ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

ആറ് ഏക്കറിലായി കെട്ടിക്കിടക്കുന്നത്

26000 ഘനമീറ്റർ മാലിന്യം

രണ്ടാംഘട്ട ബയോമൈനിംഗ് നടത്തുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി

- പി.എസ്.എം.ഹുസൈൻ, നഗരസഭ വൈസ് ചെയർമാൻ