photo

ആലപ്പുഴ : എന്നും കർഷകരുടെ അവകാശങ്ങൾക്കായി പോരാടിയ നേതാവായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച കിസാൻ കോൺഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടി. കേരകർഷകനായ പിതാവ് ടി.കെ.വർഗീസ് വൈദ്യന്റെ കർഷക സംഘടനാ പ്രവർത്തനം കണ്ടുവളർന്ന ലാൽവർഗീസ് കർഷക കോൺഗ്രസിന്റെ നേതൃനിരയിൽ പ്രവർത്തിച്ചത് നാലരപതിറ്റാണ്ടാണ്.

ഹോർട്ടികോർപ്പിന്റെ ചെയർമാനായിരുന്നപ്പോൾ പാലക്കാട്, വട്ടവട, കാന്തല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറി കർഷകരിൽ നിന്ന് നേരിട്ട് വാങ്ങി വിപണിയിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. തിരുവനന്തപുരം ജില്ലയിൽ എല്ലാ പഞ്ചായത്തുകളിലും ഹോട്ടികോർപ്പിന്റെ വിപണന കേന്ദ്രങ്ങൾ തുടങ്ങി. പ്രധാന സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന വിപണന കേന്ദ്രങ്ങളും ആരംഭിച്ചു.

വയനാട്ടിൽ കർഷകർക്കെതിരെ ജപ്തിനടപടി വന്നപ്പോൾ സമരത്തിന് നേതൃത്വം നൽകി. കർഷകരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നതിനായി 140നിയമസഭ മണ്ഡലങ്ങളിലും വാഹനപ്രചരണ ജാഥ നടത്തി. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കോൺഗ്രസ് ദേശീയതലത്തിൽ സംഘടനക്ക് രൂപം നൽകിയപ്പോൾ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി യു.പി.എ ചെയർപേഴ്സൺ സോണിയഗാന്ധിക്ക് നിവേദനം നൽകി. കൃഷിക്കാരുടെ പ്രശ്നങ്ങൾ വേഗത്തിൽ മനസിലാക്കാൻ കർഷക കോൺഗ്രസിൽ പ്രത്യേക വിഭാഗങ്ങൾക്ക് രൂപം കൊടുത്തത് ലാൽവർഗീസിന്റെ കാലത്താണ്.

നെഹ്രുകുടുംബത്തിലെ മൂന്ന് തലമുറയിൽപ്പെട്ട നേതാക്കളോടും അദ്ദേഹത്തിന് അടുത്തു ഇടപെഴകാൻ കഴിഞ്ഞിരുന്നു. ഭാരത് ജോഡോ യാത്രയുമായി ആലപ്പുഴയിൽ എത്തിയ രാഹുൽഗാന്ധി ലാൽ വർഗീസിന്റെ വീട്ടിൽ ഏറെസമയം ചെലവഴിച്ചിരുന്നു. പൊതുപ്രവർത്തനത്തിനിടയിൽ, 1971ൽ പിക്നിക് എന്ന ചലച്ചിത്രത്തിൽ പ്രേംനസീറിനോടൊപ്പം ലാൽ വർഗീസ് ചെറിയ വേഷം അഭിനയിച്ചിരുന്നു.