madhuvin-aadarav

മാന്നാർ: ശ്രീനാരായണ ഗുരുദേവന്റെ ജന്മഗൃഹമായ ചെമ്പഴന്തിയിലെ വയൽവാരം വീടി​ന് സമീപത്തെ 300 വർഷത്തിലധികം പഴക്കമുള്ള മുത്തശ്ശിപ്ലാവിന്റെ 'ചി​കി​ത്സ' വഴി​പാടായി​ നടത്തി​ ഗുരുദേവ ഭക്തനും മാന്നാർ ഇന്റർനാഷണൽ ഐ.ടി.ഐ പ്രിൻസിപ്പലും ചെന്നിത്തല സ്വദേശിയുമായ ജി.മധു വടശ്ശേരിൽ. 13വർഷമായി വൃക്ഷായുർവേദം ചെയ്യുന്ന കോട്ടയം വാഴൂർ സ്വദേശിയും പരിസ്ഥിതി പ്രവർത്തകനും വൃക്ഷവൈദ്യനുമായ കെ.ബിനുവിന്റെ നേതൃത്വത്തി​ലാണ് വൃക്ഷ ചി​കി​ത്സ.

ശിവഗിരിയിലും അരുവിപ്പുറത്തും എത്തുന്ന തീർഥാടകർ ചെമ്പഴന്തി വയൽവാരം വീടും മുത്തശ്ശി പ്ളാവും സന്ദർശിച്ചിട്ടാണ് മടങ്ങാറ് പതിവ്. ശ്രീനാരായണ ഗുരുകുലത്തിന്റെ പ്രധാന കവാടം കടന്നു മുന്നോട്ടുവരുമ്പോൾ വലതുഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്ലാവിന്റെ കാതലിന് കാലപ്പഴക്കത്താൽ നാശം സംഭവിച്ചു. ഉൾക്കാമ്പ് ദ്രവിച്ചു. കുറേ ശാഖകൾ ഉണങ്ങിയിട്ടുമുണ്ട്. എങ്കിലും ആരോഗ്യത്തോടെയുള്ള ശാഖകളുള്ളതിൽ നിറയെ ഇലകളുമുണ്ട്.കാലമെത്തുമ്പോൾ നിറയെ ചക്കകളും ഉണ്ടാകും.

സ്വന്തം വീട്ടിലെ 90വർഷം പഴക്കമുള്ള മാവിന് ചികിത്സ നടത്തി വിജയം കണ്ടതിന്റെ ആത്മവിശ്വാസവുമായാണ് മധു വടശ്ശേരിൽ മുത്തശ്ശിപ്ലാവിന് ചി​കി​ത്സ നടത്താനുള്ള ആഗ്രഹം ചെമ്പഴന്തി​ ശ്രീനാരായണ ഗുരുകുലം സെക്രട്ടറി​ സ്വാമി​ അഭയാനന്ദയെ അറി​യി​ച്ചത്. അദ്ദേഹം അനുമതി​ നൽകി​യതോടെ ചി​കി​ത്സയ്ക്ക് തുടക്കമായി​.

ഇരുന്നൂറിലധികം മരങ്ങൾക്ക് സുഖചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത് നൽകാൻ ബിനുവിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വനമിത്ര,പ്രകൃതിമിത്ര അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ജി.മധു വടശ്ശേരിലിനെയും കെ.ബിനുവിനെയും ചെമ്പഴന്തി ഗുരുകുലത്തിൽ കഴി​ഞ്ഞ ദി​വസം സ്വാമി ആദ്യാനന്ദ ആദരിച്ചു.

ചി​കി​ത്സ

പാടത്തെ മണ്ണ്, ചെളി, മരം നിൽക്കുന്ന സ്‌ഥലത്തെ മണ്ണ്, ചിതൽപുറ്റ്, വിഴാലരി, ശിവഗിരി ഗോശാലയിൽ നിന്നുള്ള പശുവിൻ പാൽ,ചാണകം, എള്ള്, ചെറുതേൻ, നെയ്യ്, കദളിപ്പഴം, രാമച്ചപ്പൊടി, ശർക്കര എന്നിവ ചേർത്ത 14ൽ അധികം ഔഷധക്കൂട്ടുകൾ കുഴച്ച മിശ്രിതങ്ങൾ തേച്ചു പിടിപ്പിക്കും. മണ്ണ് കുഴച്ചു പൊത്തും. കോറത്തുണി കൊണ്ട് ചുറ്റിക്കെട്ടും. ജൈവമിശ്രിതം വൃക്ഷച്ചുവട്ടിൽ തളിക്കും. ഏഴുദിവസം തുടർച്ചയായി മൂന്ന് ലി​റ്റർ പാൽ വീതം തടിയിൽ സ്പ്രേ ചെയ്യും. 6 മാസമാണ് ചികിത്സാ കാലാവധി.