ആലപ്പുഴ : ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി താലൂക്ക് തലത്തിൽ നടത്തുന്ന അദാലത്തുകൾ ജില്ലയിൽ 29ന് ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അറിയിച്ചു. ആദ്യ അദാലത്ത് 29ന് അമ്പലപ്പുഴ താലൂക്കിൽ നടക്കും.നിലവിലുള്ള അപേക്ഷകളിൽ ഉദ്യോഗസ്ഥ തലത്തിൽ തീർപ്പാക്കലാണ് ഉദ്ദേശിക്കുന്നത്.

ഡെപ്യൂട്ടി കളക്ടർമാർ, വില്ലേജ് ഓഫീസർമാർ, കൃഷി ഓഫീസർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.
തരംമാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനായി 2023 ൽ നടത്തിയ ഒന്നാം ഘട്ട അദാലത്തുകൾ ആർ.ഡി.ഒ ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു. അതിൽ വലിയ തോതിൽ അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞിരുന്നു. 2024 സെപ്തംബറോടെ സംസ്ഥാനത്തെ 27 ആർ.ഡി.ഒമാർക്കൊപ്പം ഡെപ്യൂട്ടി കളക്ടർമാർക്കു കൂടി തരംമാറ്റ അപേക്ഷകൾ പരിഗണിക്കാനുള്ള അധികാരം നൽകി നിയമസഭ തണ്ണീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തിൽ ആർ.ഡി. മാരും ഡെപ്യൂട്ടി കളക്ടർമാരുമാണ് ഇപ്പോൾ തരം മാറ്റ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത്.

ലഭിച്ചത് 35,475 അപേക്ഷകൾ

 25സെന്റിൽ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അർഹതയുള്ള, ഫോം 5, ഫോം 6 എന്നിവയിൽ നൽകിയ അപേക്ഷകളാണ് പരിഗണിക്കുന്നത്

 ആറ് താലൂക്കുകളിലായി 20 വരെ 35,475 തരംമാറ്റ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 5876 അപേക്ഷകൾ തീർപ്പാക്കി

 അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിന് ത്വരിതഗതിയിലുള്ള പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

അദാലത്തുകളും തീയതിയും

(തീയതി - താലൂക്ക് - അദാലത്ത് കേന്ദ്രം)

 ഒക്ടോബർ 29 - അമ്പലപ്പുഴ - അമ്പലപ്പുഴ താലൂക്ക് കോൺഫറൻസ് ഹാൾ

 ഒക്ടോബർ 30 - കുട്ടനാട് - ചമ്പക്കുളം ബ്ലോക്ക് ഓഫീസ് കോൺഫറൻസ് ഹാൾ

 നവംബർ 5 - മാവേലിക്കര - മാവേലിക്കര താലൂക്ക് ഓഫീസ്

 നവംബർ 7 - ചെങ്ങന്നൂർ - ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളേജ്

 നവംബർ 12 - കാർത്തികപ്പള്ളി - കാർത്തികപ്പള്ളി താലൂക്ക് കോൺഫറൻസ് ഹാൾ

 നവംബർ 14 - ചേർത്തല - ചേർത്തല താലൂക്ക് ഓഫീസ്

തീർപ്പാക്കാനുള്ള അപേക്ഷകളിൽ വലിയൊരു ശതമാനം താലൂക്ക് തല അദാലത്തിലൂടെ തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷ

- ജില്ലാ കളക്ടർ