
അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 12ാം വാർഡിൽ കമ്പിവളപ്പ് റോഡിന്റെ നവീകരണത്തിന്റെ ഭാഗമായുള്ള കാന നിർമ്മാണം അശാസ്ത്രീയമാണെന്ന ആരോപണവുമായി നാട്ടുകാർ രംഗത്ത്. ഒരു പതിറ്റാണ്ടിലേറെയായി പൊട്ടിപ്പൊളിഞ്ഞ് കിടന്ന റോഡ് പുനർനിർമ്മിക്കണമെന്നത് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.
നിരന്തരമായ മുറവിളിക്കൊടുവിൽ എച്ച്.സലാം എം.എൽ.എ അനുവദിച്ച 1.75 കോടി രൂപ മുടക്കിയാണ് ആഴ്ചകൾക്ക് മുമ്പ് റോഡ് നിർമ്മാണം ആരംഭിച്ചത്. റോഡിന്റെ ഒരു വശത്ത് നിലവിലുണ്ടായിരുന്ന 150 മീറ്ററോളം നീളത്തിലെ കാനയുടെ പുനർനിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് കിടന്ന കാന പൊളിച്ചുമാറ്റി റോഡിന്റെ ഉയരത്തിൽ പുതിയ കാന നിർമിക്കുന്നതിന് പകരം പഴയത് നിലനിർത്തി അതിന് ചുറ്റും കോൺക്രീറ്റ് ഇട്ടാണ് ഇപ്പോഴത്തെ നിർമ്മാണം. പഴയ കാനയുടെ അവശിഷ്ടങ്ങളും നിർമ്മാണത്തിന് കരാറുകാർ ഉപയോഗിക്കുന്നുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധമുയർന്നത്.
പഴയ കാന പുതിയ കൂട്ടിൽ
പഴയ കാനയുടെ ചുറ്റും പെട്ടികൂട്ടി അതിനുള്ളിൽ കോൺക്രീറ്റ് നിറച്ച് പുതിയതെന്ന വ്യാജേനയാണ് നിലവിലെ നിർമ്മാണം
ഇതിന് ബലക്ഷയം ഉണ്ടാകുമെന്ന് മാത്രമല്ല വാഹനങ്ങൾ കയറി കാന ഇടിഞ്ഞു വീഴാനും സാദ്ധ്യത ഏറെയാണ്
സ്കൂൾ വാഹനങ്ങളടക്കം നൂറുകണക്കിന് വാഹനങ്ങളാണ് ഇതു വഴി ദിനവും കടന്നുപോകുന്നത്
വളഞ്ഞവഴി ഭാഗത്ത് നിന്നടക്കം ഒഴുകിയെത്തുന്ന മഴവെള്ളം ഈ കാന വഴിയാണ് കമ്പിവളപ്പ് തോട്ടിലെത്തുന്നത്
ഇതുവഴിയുള്ള നീരൊഴുക്ക് നിലച്ചാൽ വെള്ളംകെട്ടി കിടന്ന് റോഡ് തകരും. സമീപത്തെ വീടുകളിലും വെള്ളംകയറും
റോഡ് നവീകരണത്തിന് അനുവദിച്ചത്
1.75 കോടി രൂപ
ഏറെ പ്രാധാന്യമുള്ള കാനയാണ് കരാറുകാർ അശാസ്ത്രീയമായി നിർമ്മിക്കുന്നത്. ഇക്കാര്യത്തിൽ ഉടൻ പരിഹാരം വേണം
- നാട്ടുകാർ