
അമ്പലപ്പുഴ: മനുഷ്യന്റെ കടന്നുകയറ്റം കാരണം പാരിസ്ഥിതിക ഭീഷണി നേരിടുന്ന
വണ്ടാനം കാവിനെക്കുറിച്ച് പഠിച്ച് പുറക്കാട് എസ്. എൻ. എം എച്ച് .എസ് .എസിലെ വിദ്യാർത്ഥികൾ. മാലിനമായ കാവും ജലാശയങ്ങളും, മരം, മണൽ കടത്തൽ എന്നിവ കാരണം കാവിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാണെന്ന കണ്ടെത്തലിലാണ് പ്ലസ് ടു വിദ്യാർത്ഥികളും എക്കോ ക്ലബ് അംഗങ്ങളുമായ ആർഷ അനീഷും ഐശ്വര്യ സന്തോഷും.
മാലിന്യം കൊണ്ട് കാവ് നിറഞ്ഞതോടെ അരിപ്പൂ, കമ്മ്യൂണിസ്റ്റ് പച്ച ,കുവളം, മരോട്ടി, മലംചേരു, കരിവിലാന്തി, അടുതിണപാല,പനച്ചി, കാട്ടോറഞ്ച്, കാട്ടു പ്ലാവ് തുടങ്ങിയ സസ്യങ്ങൾ വംശനാശം നേരിടുന്നതായും ഒച്ച്, അട്ട,പലതരം ചിത്രശലഭങ്ങൾ,കൊക്ക്, കുയിൽ, കുരുവി, ആനറാഞ്ചി, കാടുമുഴക്കി എന്നിവ ഭീഷണിനേരിടുന്നതായും ദേശാടന പക്ഷികളുടെ വരവ് കുറഞ്ഞതായും പഠന റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എം.എൽ.എ, എം.പി, കൃഷിമന്ത്രി, ദേവസ്വം ബോർഡ് എന്നിവർക്ക് നിർദ്ദേശങ്ങൾ ഉൾപ്പടെയുള്ള റിപ്പോർട്ട് സമർപ്പിച്ചു.