ആലപ്പുഴ : അടുത്ത ഒക്ടോബറിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും വാർഡുകളുടെ ഭൂപടം പോലും ജില്ലയിൽ പൂർത്തിയായില്ല. നിലവിൽ 1390വാർഡുകളുടെ ഭൂപടമാണ് ഇൻഫർമേഷൻ കേരള മിഷന്റെ ക്യൂ ഫീൽഡ് ആപ്പ് ഉപയോഗിച്ച് രേഖപ്പെടുത്തിയത്. ഭൂപടം തയ്യാറാക്കി കളക്ടർക്ക് സമർപ്പിക്കേണ്ട സമയപരിധി 25ആണ്. മൂന്നുദിവസം കൊണ്ട് ഫീൽഡ് പരിശോധന നടത്തി കരട് റിപ്പോർട്ട് പൂർത്തിയാക്കുക അസാദ്ധ്യമാണെന്ന് അവർക്ക് നന്നായി അറിയാം. എങ്കിലും, ഇതിനുള്ള നെട്ടോട്ടത്തിലാണ് നഗരസഭ, പഞ്ചായത്ത് സെക്രട്ടറിമാർ. വിഭജനം പൂർത്തിയാകുന്നതോടെ ജില്ലയിലെ 72ഗ്രാമപഞ്ചായത്തുകളിലും ആറ് നഗരസഭകളിലുമായി 1472വാർഡുകൾ ഉണ്ടാകും.
ഇനി വേണ്ടത് 82 വാർഡുകളുടെ ഭൂപടം
1.ഇനി 82 വാർഡുകളുടെ ഭൂപടമാണ് ക്യൂ ഫീൽഡ് ആപ്പിൽ രേഖപ്പെടുത്താനുള്ളത്. ഭൂപടം തയ്യാറാക്കിയ ശേഷം ഓരോ വാർഡിലെയും വീടുകൾ, കെട്ടിടങ്ങൾ, കടകൾ, ജനസംഖ്യ എന്നിവ കണക്കാക്കിവേണം കരട് റിപ്പോർട്ട് തയ്യാറാക്കാൻ
2.ഇതിനായി പഞ്ചായത്ത്, നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തും. കരട് റിപ്പോർട്ട് തയ്യറാക്കേണ്ട അവസാന ദിവസമായ തിങ്കളാഴ്ച ഒരുപഞ്ചായത്ത് മാത്രമാണ് കളക്ടർക്ക് റിപ്പോർട്ട് കൈമാറിയത്
3.ക്യൂ ഫീൽഡ് ആപ്പ് ഉപയോഗിച്ച് ഭൂപടവും വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ടും തയ്യാറാക്കാൻ സെക്രട്ടറിമാർക്ക് പരിശീലനം നൽകിയത് ഒക്ടോബർ 4,5 തീയതികളിലാണ്
4. 11പ്രവൃത്തി ദിവസം മാത്രമാണ് വാർഡ് വിഭജനത്തിന് ലഭിച്ചത്. ഇതിനിടെയാണ് പൂജാ അവധിയും വന്നത്. ഇത് സെക്രട്ടറിമാർക്ക് വിനയായി. ഡീലിമിറ്റേഷൻ കമ്മിഷൻ ഇടപെട്ട് സമയം നീട്ടികിട്ടണമെന്നതാണ് ജീവനക്കാരുടെ ആവശ്യം
5.ജില്ലയിൽ 8പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഒഴികെ മറ്റെല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ എണ്ണം വർദ്ധിക്കും. വോട്ടർമാരുടെ എണ്ണം മാനദണ്ഡമാക്കുമ്പോൾ അതിർത്തി മാറും.
ജില്ലയിൽ
നഗരസഭൾ: 6
പഞ്ചായത്തുകൾ: 72
ആകെ വാർഡുകൾ: 1472
ഭൂപടം സമർപ്പിച്ചത് : 1390
ഭൂപടം സമർപ്പിക്കാനുള്ളത് :82
........................................................................
ജില്ലാപഞ്ചായത്ത്: ഒന്ന്
ബ്ളോക്ക് പഞ്ചായത്ത്: 12