ആലപ്പുഴ : പമ്പുഹൗസിന്റെ വാൽവ് തകരാറിലായതോടെ തുടർച്ചയായി മൂന്നാം ദിവസവും നഗരത്തിൽ കുടിവെള്ളം മുടങ്ങി. മുന്നറിയിപ്പില്ലാതെ ജലവിതരണം മുടങ്ങിയത് മുല്ലക്കൽ, പള്ളാത്തുരുത്തി, തിരുമല, വഴിച്ചേരി, പാലസ് വാഡുകളിലെ 3000ത്തോളം കുടുംബങ്ങളെ വലച്ചു. പഴവങ്ങാടി പമ്പ് ഹൗസിന്റെ പ്രധാന വാൽവ് തകരാറിലായതാണ് കുടിവെള്ളം മുടങ്ങാൻ കാരണം. ഓവർഹെഡ് ടാങ്കിൽ നിന്ന് ഓരോ വാർഡിലേയ്ക്കും നിശ്ചിത ഇടവേളകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാൽവാണ് തകരാറിലായത്. വിതരണം മുടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് അധികൃതർ വിവരം അറിഞ്ഞത്.

പണ്ട് കുടിവെള്ള വിതരണം നിലച്ചാൽ പഴവങ്ങാടിയിലെ ആർ.ഒ.പ്ളാന്റിൽ നിന്ന് ലിറ്ററിന് 50 പൈസ നിരക്കിൽ വാങ്ങാമായിരുന്നു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി

വീടുകളിൽ വാട്ടർ കണക്ഷൻ നൽകിയതോടെ ആർ.ഒ.പ്ളാന്റിന്റെ പ്രവർത്തനം നാല് വർഷം മുമ്പ് നിർത്തലാക്കുകയും ചെയ്തു.

ഇതോടെ,​ സ്വകാര്യ ആർ.ഒ.പ്ളാന്റിൽ നിന്ന് വെള്ളം വലിയ വിലകൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് നാട്ടുകാർ. ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ പാലസ്, പള്ളാത്തുരുത്തി വാഡുകളിലെ ജനങ്ങളാണ് ഏറെ ദുരിതത്തിലാക്കിയത്.

ഇന്ന് ഉച്ചയോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

ബദൽ സംവിധാനം ഉണ്ടായില്ല

#നഗരത്തിൽ കുടിവെള്ളം മുടങ്ങുമ്പോൾ ബദൽ സംവിധാനം ഏർപ്പെടുത്തുന്ന പതിവുണ്ട്. ടാങ്കറുകളിൽ കുടിവെള്ളമെത്തിക്കുകയായിരുന്നു പതിവ്

# എന്നാൽ,​ ഇത്തവണ ജലഅതോറിട്ടിയും നഗരസഭയും അതിന് മുതിർന്നില്ല. ഇത്

ജനത്തെ കൂടുതൽ ദുരിതത്തിലാക്കി

# നഗരത്തിൽ നിരവധി ആർ.ഒ പ്ളാന്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗുണ നിലവാരം ഉറപ്പാക്കാൻ ജല അതോററ്റട്ടിയോ,​ ആരോഗ്യ വകുപ്പോ തയ്യാറായിട്ടില്ല

പഴവങ്ങാടി പമ്പ് ഹൗസിൽ നിന്നുള്ള പ്രധാന വാൽവിന്റെ തകരാർ പരിഹരിച്ച് കുടിവെള്ള വിതരണം ഇന്നു മുതൽ പുനസ്ഥാപിക്കും.

-അസി.എൻജിനിയർ, ജലഅതോറിട്ടി, ആലപ്പുഴ


മന്ത്രിക്ക് കത്തുനൽകി കെ.സി

നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പൊട്ടിയ പൈപ്പുകളുടെ അറ്റകുറ്റപ്പണി വേഗം നടത്തണമെന്നും മണ്ണഞ്ചേരി ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലെ കായലോരപ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി മന്ത്രി റോഷി അഗസ്റ്റിന് കത്തുനൽകി.

കനാൽ റോഡിൽ ചാത്തനാട്ടേക്ക് തിരിയുന്ന ജംഗ്ഷനിൽ പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി. ചാത്തനാട്,മന്നത്ത്, ആറാട്ടുവഴി പാലത്തിന്റെ കിഴക്കേക്കര,തത്തംപള്ളി വട്ടേക്കരി റോഡ് തുടങ്ങിയ ഇടങ്ങളിലും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പില്ലാതെ ശുദ്ധജല വിതരണം തടസപ്പെടുന്നത് പതിവാണെന്നും കുട്ടികളും പ്രായമായവരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും കത്തിൽ പറയുന്നു.