ആലപ്പുഴ : അർത്തുങ്കൽ പള്ളിയിൽ നിന്ന് വേളാങ്കണ്ണിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിറുത്തലാക്കാനുള്ള നീക്കത്തിൽ പിന്മാറണമെന്ന് കെ.സി.വേണുഗോപാൽ എം.പി മന്ത്രി കെ.ബി.ഗണേഷ് കുമാറിനോട് ആവശ്യപ്പെട്ടു. വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോകുന്നതിനുള്ള തിരക്ക് പരിഗണിച്ച് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നു. എന്നാൽ അതിലൊന്ന് സമീപകാലത്ത് സർവീസ് നിറുത്തി. ഈ റൂട്ടിൽ നിലവിൽ സർവീസ് നടത്തുന്ന ബസ് കൂടി നിറുത്തലാക്കാനുള്ള നീക്കം നടക്കുന്നു. ഇത് തീർത്ഥാടകരോടുള്ള ദ്രോഹമാണ്. ഈ നടപടിയിൽ നിന്ന് കെ.എസ്.ആർ.ടി.സിയും ഗതാഗത വകുപ്പും പിൻമാറണമെന്നും ,നിറുത്തലാക്കിയ സർവീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ ഗതാഗതമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.