ചേർത്തല:ഒറ്റമശേരി തീരത്ത് ചത്തടിഞ്ഞ തിമിംഗലത്തെ മറവുചെയ്യാൻ വിനിയോഗിച്ച തുകയെ ചൊല്ലി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ തർക്കം. രണ്ടാഴ്ച മുമ്പാണ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിലെ തീരത്തു തിമിംഗലം ചത്തടിഞ്ഞത്.ഇതിനെ സംസ്‌കരിക്കുന്നതിനായി 6,29,800രൂപാ ചെലവിട്ടതായാണ് കണക്കുകൾ.ഇതിൽ തിരിമറി നടന്നതായി പഞ്ചായത്ത് കമ്മിറ്റിയിൽ ഇടതുപക്ഷം ആരോപിച്ചു. തിമിംഗലത്തെ സംസ്‌കരിച്ച സ്ഥലത്തെ രൂക്ഷഗന്ധം ഇനിയും മാറാത്ത സാഹചര്യത്തിലാണ് ഞെട്ടിക്കുന്ന തുക വിനിയോഗിച്ചതും ഇതിൽ സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്തുകമ്മിറ്റിയിൽ പ്രതിഷേധമരങ്ങേറിയത്.
പരിസ്ഥിതിക്കനുകൂലമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യാതെ അശാസ്ത്രീയ മാർഗങ്ങൾ സ്വീകരിച്ചത് വ്യക്തി താൽപര്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും ആഴ്ചകൾ പിന്നിട്ടിട്ടും ഇപ്പോഴും സംസ്‌കരിച്ച സ്ഥലങ്ങളിൽ ജനങ്ങൾക്ക് ഇപ്പോഴും താമസിക്കാനാകാത്ത സ്ഥിതിയാണെന്ന് എൽ.ഡി.എഫ് കക്ഷി നേതാക്കളായ ടി.കെ.സത്യാനന്ദനും,പി.ഡി.ഗഗാറിനും തീരദേശവാർഡ് അംഗം പി.കെ.സ്റ്റാലിനും ആരോപിച്ചു.
എന്നാൽ അടിയന്തിര ഘട്ടത്തിൽ ജില്ലാകളക്ടറുടെയും മറ്റുവകുപ്പുകളുടെയും ഇടപെടലിലാണ് സംസ്‌കരിച്ചതെന്നും സുതാര്യമായായിരുന്നു ഫണ്ട് വിനിയോഗമെന്നും ഭരണകക്ഷിയംഗങ്ങൾ പറഞ്ഞു.
2022 ൽ ഇത്തരത്തിൽ 14ാം വാർഡിലും തിമിംഗലം ചത്തടിഞ്ഞിരുന്നു.അപ്പോൾ സംസ്‌കരിക്കാൻ ചെലവിട്ടത് 14,900മായിരുന്നു.