
ഹരിപ്പാട്: വില്പനയ്ക്കായി കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ഗുരുവാലിയ രുഥൽ ചൗധരിയാണ് (29) ജില്ലാ ലഹരി വിരുദ്ധസ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കൊച്ചുവേളി രപ്തി സാഗർ എക്സ്പ്രസിൽ എത്തിയ ഇയാളെ പിടികൂടിയത്. രണ്ട് ബാഗുകളിലായാണ് 4 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇയാൾ പതിവായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നു വിൽപ്പന നടത്തുന്ന പതിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.