ആലപ്പുഴ : വലിയ ചുടുകാടിന് സമീപത്തെ ഗവ.ആയുർവേദ പഞ്ചകർമ്മ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിക്കായുള്ള കെട്ടിട സമുച്ചയത്തിൽ ശേഖരിച്ചിട്ടുള്ള തരംതിരിച്ച പ്ളാസ്റ്റിക് മാലിന്യങ്ങൾ നീക്കാൻ ആരംഭിച്ചു. ഇവിടെ തരംതിരിച്ച പ്ളാസ്റ്റിക്ക് ശേഖരത്തിന്റെ നാലിലൊന്ന് മാത്രമാണ് നീക്കിയത്. പ്രതിദിനം പത്തിലധികം ലോഡ് പ്ളാസ്റ്റിക്കാണ് കൊണ്ടുപോകുന്നത്. ഹരിതകർമ്മ സേനയുടെ അംഗബലം കൂട്ടി വേഗത്തിൽ പ്ളാസ്റ്റിക് തരംതിരിക്കൽ നടത്തിയത് . ക്ളീൻ കേരള ഉൾപ്പെടെ മൂന്ന് ഏജൻസികളെ പ്ളാസ്റ്റിക് നീക്കാൻ നിയോഗിച്ചിട്ടുണ്ട്. ഹരിതകർമ്മസേന ശേഖരിച്ച് വിവിധ സംഭരണകേന്ദ്രങ്ങളിൽ അലക്ഷ്യമായി കിടന്ന പ്ളാസ്റ്റിക് നീക്കാൻ ക്ളീൻ കേരള, പ്ളാനറ്റ് എർത്ത്, യുണിവേഴ്‌സൽ ബയോഗ്യാസ് എന്നീ ഏജൻസികളെയാണ് പ്ളാസ്റ്റിക് എടുക്കുന്നത്. വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മസേന ശേഖരിച്ച പ്ളാസ്റ്റിക്കാണ് വലിയചുടുകാട്ടിലെ കെട്ടിടത്തിൽ ശേഖരിച്ചത്. പ്ളാസ്റ്റിക് ഇവിടെ നിന്ന് നീക്കണമെന്ന് പലതവണ നഗരസഭ അധികൃതരോട് ആയുഷ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. നഗരത്തിലെ വലിയ ചുടുകാട്, ടൗൺഹാൾ, ആലിശ്ശേരി, നഗരചത്വരം എന്നിവടങ്ങളിൽ നിന്ന് പ്രതിദിനം 10ലോഡ് പ്ലാസ്റ്റിക്കാണ് മാറ്റുന്നത്. വലിയ ചുടുകാടിന് സമീപം പഞ്ചകർമ്മ ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടത്തിൽ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ചാക്ക് കണക്കിന് പ്ളാസ്റ്റിക് വലിയ ഭീഷണിയായിരുന്നു. മാലിന്യം മാറ്റിതുടങ്ങിയതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി.

..........

"പഞ്ചകർമ്മ ആശുപത്രി കെട്ടിടത്തിലെ പ്ലാസ്റ്റിക് തരംതിരിച്ച് നീക്കി തുടങ്ങി. വൈകാതെ പ്ളാസ്റ്റിക് പൂർണ്ണമായും മാറ്റും. കൂതൽ ഹരിതകർമ്മ സേനാ അംഗങ്ങളുടെ സഹായത്തോടെയാണ് വേർതിരിക്കുന്നത്.

കെ.കെ.ജയമ്മ, നഗരസഭ ചെയർപേഴ്‌സൺ