ആലപ്പുഴ: കുടിവെള്ള ദൗർലഭ്യവും മലിനജലവും കാരണം പൊറുതിമുട്ടിയ

ആലപ്പുഴയിൽ ശുദ്ധജലം ഉറപ്പാക്കാൻ പരിശോധനാ ലാബ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. ബിജു പ്രഭാകർ ഭക്ഷ്യ സുരക്ഷാ കമ്മിഷണറായിരുന്ന കാലത്ത് ഭക്ഷ്യ സുരക്ഷാവകുപ്പ് ആലപ്പുഴ കേന്ദ്രീകരിച്ച് ശുപാർശ ചെയ്ത ലാബ് വർഷങ്ങൾക്ക് ശേഷവും യാഥാർത്ഥ്യമായില്ല. സംസ്ഥാനത്ത് ശുദ്ധജലക്ഷാമം രൂക്ഷമായ ജില്ലകളിലൊന്നാണ് ഭൂമിശാസ്ത്രപരമായി സമുദ്രനിരപ്പിൽ നിന്ന് താഴ്ന്നുകിടക്കുന്ന ആലപ്പുഴ. കനാലും കായലും കടലും ഉൾപ്പടെ വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും തുളളിവെള്ളം പോലും രോഗഭീതിയില്ലാതെ കുടിക്കാൻ കഴിയാത്ത അവസ്ഥയാണ്.

വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെളളത്തിന് പുറമേ ഫിൽട്ടർ ചെയ്ത വെള്ളം വിലയ്ക്ക് വാങ്ങിയാണ് വീടുകളിലും സ്ഥാപനങ്ങളിലും കുടിക്കാനും പാചകത്തിനും ഉപയോഗിക്കുന്നത്. ഹൗസ് ബോട്ട് മാലിന്യം കായലുകളും കനാലുകളും മലിനമാക്കിയ ആലപ്പുഴയിൽ,​ വാട്ടർ അതോറിട്ടിക്ക് കീഴിൽ 7എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബുകളുണ്ടെങ്കിലും വാട്ടർ അതോറിട്ടി വിതരണം ചെയ്യുന്ന വെള്ളം മാത്രമാണ് ഇവിടെ ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിശ്ചിത ഫീസ് ഈടാക്കിയും സാമ്പിളുകൾ പരിശോധിക്കാം.

ആശ്രയം മൊബൈൽ ലാബ്

1.സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്താനും വെള്ളത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ആലപ്പുഴയിൽ കുടിവെള്ള പരിശോധനാ ലാബിനുള്ള ശുപാർശ സമർ‌പ്പിച്ചത്

2.എന്നാൽ,​ ജില്ലാ പഞ്ചായത്ത് സ്ഥല സൗകര്യവും മൈക്രോ ബയോളജിസ്റ്റ് ഒഴികെയുള്ള ജീവനക്കാരുടെ സേവനവും വാഗ്ദാനം ചെയ്തെങ്കിലും ഭക്ഷ്യസുരക്ഷാ കമ്മിഷണറേറ്റിൽ നിന്ന് പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല

3.കടകളിൽ വിൽപ്പന നടത്തുന്ന വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ വാട്ടർ അതോറിട്ടിക്ക് അധികാരമില്ല.ആരോഗ്യ വകുപ്പോ, ഭക്ഷ്യസുരക്ഷാവകുപ്പോ വേണം പരിശോധിക്കാൻ. മൊബൈൽ ലാബ് മാത്രമാണ് ഇപ്പോൾ ആശ്രയം

4.ജില്ലയിലെ എല്ലാനിയോജക മണ്ഡലങ്ങളിലും എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന് മൊബൈൽ ലാബ് ആവശ്യമായിരിക്കെ,​ വെള്ളത്തിന്റെ ഗുണനിലവാരപരിശോധനയ്ക്കുള്ള സ്ഥിരം സംവിധാനമായി ഇതിനെ കാണാനാവില്ല

കോളിഫോമും

ഫ്ളൂറൈഡും

നഗരത്തിലെയും പരിസരത്തെയും വെളളത്തിൽ കോളിഫോം ബാക്ടീരിയ മുതൽ ഫ്ലൂറൈഡ് വരെ കലർന്നിട്ടുള്ളതായി വാട്ടർ അതോറിട്ടിയുടെ ഗുണനിലവാര പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കുഴൽക്കിണറുകളിലെ വെള്ളത്തിലാണ് ഫ്ളൂറൈഡ് സാന്നിദ്ധ്യം അധികമുള്ളത്.

എല്ലും പല്ലും

പോകും

ഫ്ളൂറൈഡ് കലർന്ന വെള്ളം സ്ഥിരമായി ഉപയോഗിക്കുന്നത് മനുഷ്യന്റെ എല്ലിനും പല്ലിനും കേടുപാടുണ്ടാക്കാനും ആന്തരികാവയവങ്ങൾക്ക് തകരാറിനും കാരണമാകും. കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം കോളറപോലുള്ള സാംക്രമിക രോഗങ്ങൾക്ക് കാരണമാകും.

......................................

വാട്ടർ അതോറിട്ടിയുടെ ലാബുകളാണ് നിലവിലെ ആശ്രയം. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബ് വന്നാൽ ഉറവിടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ യഥാസമയം പരിശോധിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും കഴിയും

-അസി. കമ്മിഷണർ, ഭക്ഷ്യ സുരക്ഷാവകുപ്പ്