ആലപ്പുഴ: വിഷജന്തുക്കളെ ഭയന്ന് അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവരുന്ന കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പൊലീസുകാരും പൊതുജനങ്ങളും നേരിടുന്ന ദുരിതങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിന് സമീപത്തായി സ്റ്റേഷനുവേണ്ടി വാങ്ങിയ 25 സെന്റ് സ്ഥലത്ത് പൊലീസ് സ്റ്രേഷൻ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്നാണ് ജനപ്രതിനിധികളുൾപ്പെടെയുള്ളവരുടെ ആവശ്യം.

സ്വന്തമായി കെട്ടിടമില്ലാത്തതിന്റെ പ്രശ്നങ്ങളാണ് കരീലക്കുളങ്ങരയിലുള്ളത്. പൊലീസ് സ്റ്റേഷനുവേണ്ടി സ്വന്തം കെട്ടിടം നിർമ്മിക്കാൻ 25 സെന്റ് സ്ഥലം കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിന് കിഴക്കുവശം വാങ്ങിയെങ്കിലും കെട്ടിട നിർമ്മാണത്തിനുള്ള ഫണ്ട് ഇനിയും ലഭ്യമായിട്ടില്ല. ഫണ്ട് ലഭിച്ചാലും എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമായാലേ വർക്ക് ടെൻഡർ ചെയ്യാനാകൂ

- എൽ.ഉഷ, പ്രസിഡന്റ് , പത്തിയൂർ ഗ്രാമപഞ്ചായത്ത്

പതിറ്റാണ്ടുകളായി സ്വന്തമായി കെട്ടിടമില്ലാത്ത പൊലീസ് സ്റ്റേഷനുകളിലൊന്നാണ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ. പ്രാഥമികാവശ്യങ്ങൾക്കുപോലും സൗകര്യമില്ലാത്ത ഇവിടെ പ്രതിയെ സൂക്ഷിക്കാൻ ലോക്കപ്പ് പോലുള്ള സൗകര്യങ്ങളില്ലാത്തതും പോരായ്മമാണ്. സ്ഥലം ലഭ്യമാക്കിയതിന് പുറമേ സ്റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടി ബ‌ഡ്ജറ്റിൽ പണം വകയിരുത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കെട്ടിടം നിർമ്മാണത്തിനായി പഞ്ചായത്ത് ഭരണസമിതി സാദ്ധ്യമായതെല്ലാം ചെയ്യും

- എം.കെ വേണുകുമാർ, പ്രസിഡന്റ്, ചേപ്പാട് ഗ്രാമപഞ്ചായത്ത്

കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമെന്നത് നാടിന്റെ ആവശ്യമാണ്. സുരക്ഷിതമായ കെട്ടിടവും ആവശ്യമായ സ്ഥല സൗകര്യവുമില്ലാത്തത് പൊലീസ് സ്റ്റേഷന്റെ സുഗമമായ പ്രവർത്തനത്തിന് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ കഴിഞ്ഞ ദിവസം കേരള കൗമുദി ചൂണ്ടിക്കാട്ടിയിരുന്നു. പത്തിയൂർ ഗ്രാമ പഞ്ചായത്തിൽ സ്റ്റേഷനുവേണ്ടി സ്ഥലം കണ്ടെത്തിയ സാഹചര്യത്തിൽ എം..എൽ.എ, എം.പി ഫണ്ടുകളിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ പണം കണ്ടെത്തി കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണം

-സജിനി ജി, പ്രസിഡന്റ് , ചിങ്ങോലി ഗ്രാമപഞ്ചായത്ത്