gh

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ ഓപ്പൺ ജിമ്മിന് പിന്നാലെ ഓപ്പൺ ലൈബ്രറി ഒരുങ്ങുന്നു. ആശുപത്രി ജീവനക്കാർക്കും രോഗികളുൾപ്പടെയുള്ള പൊതുജനങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന സംവിധാനങ്ങൾ ആവിഷ്ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്. സ്റ്റാഫിനായി റിക്രിയേഷൻ ഹാൾ, ഇൻഡോർ സ്പോർട്സ് തുടങ്ങിയ സംവിധാനങ്ങളും പിന്നാലെ വരുന്നുണ്ട്. 27ന് പുതിയ ഒ.പി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ നിലവിൽ ആശുപത്രി വളപ്പിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ജീവിതശൈലീ രോഗനിയന്ത്രണത്തിനുള്ള എൻ.സി.ഡി ക്ലിനിക്കിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറും. ഈ ഒഴിവ് വരുന്ന ഭാഗത്ത് ലൈബ്രറി സജ്ജീകരിക്കാനാണ് പദ്ധതി. ലൈബ്രറി ആവിഷ്ക്കരിക്കന്നതിന് മുന്നോടിയായി പുസ്തക ശേഖരണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രി സ്റ്റാഫുകൾ വീടുകളിൽ നിന്നെത്തിക്കുന്ന പുസ്കങ്ങളാണ് ഏറെയും. ആലപ്പുഴ തിരുവമ്പാടി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങൾ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി നിരവധി പുസ്തകങ്ങൾ സംഭാവന നൽകി. സ്റ്റാഫിനുള്ള റിക്രിയേഷൻ ഹാൾ പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുക. ആശുപത്രിയിലെ കിടപ്പു രോഗികൾക്കുൾപ്പടെ പുസ്തകവായനയിലൂടെ വിരസത അകറ്റാൻ ലൈബ്രറി ഉപകരിക്കുമെന്ന് കരുതുന്നു.

ഇതുവരെ ലഭിച്ച

പുസ്തകങ്ങൾ: 300

ആശുപത്രി സ്റ്റാഫ് ഓരോ ദിവസവും പുസ്തകങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നു. എൻ.സി.ഡി ക്ലിനിക്ക് പുതിയ കെട്ടിടക്കിലേക്ക് മാറുന്നതോടെ ഈ കെട്ടിടത്തിൽ ലൈബ്രറി ആരംഭിക്കും

-ക്വാളിറ്റി നോഡൽ ഓഫീസർ, ജനറൽ ആശുപത്രി