ആലപ്പുഴ: ജലഗതാഗത വകുപ്പ് സ്പെഷ്യൽ റൂൾ ഭേദഗതിയിലെ മെല്ലെപ്പോക്കിനെതിരെ താഴെത്തട്ടിലെ ജീവനക്കാർ പ്രക്ഷോഭത്തിലേക്ക്. ഡിസംബർ 30ന് പി.എസ്.സി ഓഫീസ് പടിക്കൽ ധർണ്ണ നടത്തുന്നതിന് മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിൽ മാസ് ക്യാമ്പയിനും ധർണയും നടത്തും. ഇന്ന് രാവിലെ 11നാണ് ജില്ലാഡയറക്ടറേറ്റിലെ ക്യാമ്പയിൻ. 1983ൽ നിലവിൽ വന്ന സ്‌പെഷ്യൽ റൂളിൽ ഒട്ടേറെ അപാകതകൾ നിലനിൽക്കുന്നുവെന്നാണ് ജീവനക്കാരുടെ പരാതി. വിവിധ തസ്തികകളുടെ യോഗ്യതയും സീനിയോറിട്ടിയും സംബന്ധിച്ച തർക്കങ്ങൾക്ക് പരിഹാരം കാണാനും പ്രൊമോഷനുകൾ യഥാസമയം നടത്താനും സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള ചർച്ചകൾ പൂർത്തിയായെങ്കിലും തുടർനടപടികൾ അനന്തമായി നീണ്ടുപോവുകയാണ്.
സെക്രട്ടേറിയറ്റിൽ കെട്ടിക്കിടന്ന് ഫയൽ
ജലഗതാഗത വകുപ്പിലെ സബോർഡിനേറ്റ് സർവീസിലെ സ്‌പെഷ്യൽ റൂൾ ഭേദഗതി വരുത്താതെ കഴിഞ്ഞ 17വർഷമായി സെക്രട്ടേറിയറ്റിലും പി.എസ്.സിയിലുമായി കറങ്ങികളിക്കുകയാണ്
ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാരിൽ സ്രാങ്ക്, ഡ്രൈവർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കാതെ പ്രവേശന തസ്തികയിൽ തന്നെ സർവ്വീസിൽ നിന്ന് വിരമിക്കേണ്ടി വരുന്നു
പി.എസ്.സിയുടെ അംഗീകാരം ലഭിച്ചാലേ സ്‌പെഷ്യൽ റൂൾ ഭേദഗതി വരുത്താൻ സാധിക്കുകയുള്ളൂ. രണ്ട് വർഷമായി ഫയൽ സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുകയാണ്.
പി.എസ്.സിയുടെ അനങ്ങാപ്പാറ നയം ഉപേക്ഷിച്ച് സ്‌പെഷ്യൽ റൂളിന് ഉടൻ അംഗീകാരം നൽകണം
- ജീവനക്കാർ