ആലപ്പുഴ: ഞായറാഴ്ച ഉദ്ഘാടനം ചെയ്യുന്ന ഏഴുനില ഒ. പി ബ്ലോക്കിൽ സജ്ജമാക്കിയിട്ടുള്ളത് അത്യാധുനിക രോഗനിർണയ, ചികിത്സാ സൗകര്യങ്ങൾ. അത്യാധുനിക ചികിത്സാ ഉപകരണങ്ങൾക്ക് മാത്രമായി 16.43 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി 94 ഉപകരണങ്ങളാണ് ആശുപത്രിയിലേക്ക് വാങ്ങിയത്. എം.ആർ.ഐ., സി.ടി സ്‌കാനിംഗ് മെഷീനുകൾ, റിട്രോഫിറ്റ് ഡിജിറ്റൽ എക്‌സ്‌റേ സംവിധാനം, ഒ.പി.ജി. സംവിധാനം, മാമ്മോഗ്രാഫി മെഷീൻ, ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്‌കോപ്പി തുടങ്ങിയ ഉപകരണങ്ങൾ ഇതിലുണ്ട്. ഫർണീച്ചറുകൾക്ക് മാത്രം 1.66 കോടിയും ചെലവഴിച്ചു.

'360 ഡിഗ്രി മെറ്റബോളിക് സെന്റർ'

പ്രമേഹത്തിന്റെ സങ്കീർണ്ണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കാൻ 360 ഡിഗ്രി മെറ്റബോളിക് സെന്റർ .ഡയബറ്റിക് റെറ്റിനോപ്പതി കണ്ടുപിടിക്കാൻ നോൺ മിഡ്രിയാട്രിക് കാമറകൾ. പ്രമേഹം, രക്താദിമർദ്ദം എന്നിവയ്ക്ക് പുറമേ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളെയും കാലുകളെയും ബാധിക്കുന്ന പ്രമേഹ പരിശോധന, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്, ഡയറ്റ് കൗൺസിലിംഗ് തുടങ്ങിയ എല്ലാസേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുമെന്നതാണ് 360 ഡിഗ്രി മെറ്റബോളിക് സെന്ററിന്റെ പ്രത്യേകത.

റിട്രോഫിറ്റ് ഡിജിറ്റല്‍ എക്‌സ്‌റേ സംവിധാനം
നിലവിലെ എക്‌സ്‌റേ പരിശോധനയെ അപേക്ഷിച്ച് വേഗതയിൽ കൂടുതൽ വ്യക്തമായതും തെളിച്ചമുള്ളതുമായ എക്‌സ്‌റേ ചിത്രങ്ങൾ കുറഞ്ഞ റേഡിയേഷനിൽ ലഭ്യമാക്കുന്ന നൂതന സംവിധാനം

ഒ.പി.ജി. സംവിധാനം
ദന്തക്ഷയം, മോണരോഗം, ആഘാതമേറ്റ പല്ലുകൾ, വായക്കുള്ളിലെ കുരുക്കൾ, സിസ്റ്റുകൾ, മുഴ,ഒടിവ് എന്നിവ നിർണ്ണയിക്കാം.

ഫൈബ്രോ ഒപ്റ്റിക് ബ്രോങ്കോസ്‌കോപ്പി
ശ്വാസകോശരോഗങ്ങളും ശ്വാസകോശ കാൻസറും നേരത്തെ കണ്ടുപിടിക്കുന്ന ഇന്റർവെൻഷണൽ പൾമണോളജി സംവിധാനം