pouradwani

മാന്നാർ: വെങ്കല നാടിന്റെ പെരുമയിൽ ലോകമറിയുന്ന മാന്നാറിന്റെ വികസന സ്വപ്നങ്ങൾക്ക് ഊർജം പകർന്നു കൊണ്ട് 'മാന്നാർ പൗരധ്വനി'യുടെ രൂപീകരണം മാന്നാർ വ്യാപാരഭവനിൽ നടന്നു. സമീപ പ്രദേശങ്ങൾ വികസനത്തിൽ ഏറെ മുന്നേറുമ്പോൾ പിന്തള്ളപ്പെടുന്ന മാന്നാറിന്റെ വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി ജാതിമത രാഷ്ട്രീയ ഭേദമെന്യേ മാന്നാറിലെ പൗരബോധമുള്ള മുഴുവൻ ആളുകളെയും ഉൾക്കൊണ്ട് പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'മാന്നാർ പൗരധ്വനി' നിലവിൽ വന്നതെന്ന് സംഘാടകർ വ്യക്തമാക്കി. 150 പേർ അംഗങ്ങളായുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ വികസന ചർച്ചകൾ നടത്തി സംഘടനാ രുപീകരണത്തിലേക്ക് എത്തിച്ചേരുകയായിരുന്നു. നാടിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒത്തൊരുമിച്ച യോഗത്തിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ് അരികുപുറം (ചെയർമാൻ), എം.പി സുരേഷ് (വർക്കിംഗ് ചെയർമാൻ), പി.ബി.ഹാരിസ് (കോ-ഓർഡിനേറ്റർ), സുധീർ എലവൻസ് (സെക്രട്ടറി), ഷബീർ അബ്ബാസ് (ട്രഷറർ), അൻഷാദ് മാന്നാർ (ഔദ്യോഗിക വക്താവ്) എന്നിവരടങ്ങുന്ന 31 അംഗ കൗൺസിലും രൂപീകരിച്ചു.നിർമാണം ഇഴയുന്ന മുക്കം-വാലേൽ ബണ്ട് റോഡ്, ഫണ്ട് വകയിരുത്തിയിട്ടും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്ത മൂർത്തിട്ട -മുക്കാത്താരി റോഡ്, ഗതാഗതക്കുരുക്കിന് പരിഹാരമായി ബൈപാസ് റോഡ് തുടങ്ങിയ പദ്ധതികൾ സാക്ഷാത്ക്കരിക്കാൻ 'പൗരധ്വനി' ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് കോ-ഓർഡിനേറ്റർ പി.ബി.ഹാരിസ് പറഞ്ഞു.