
ആലപ്പുഴ : തുമ്പോളിയിലെ പൈപ്പ് പൊട്ടലും പഴവങ്ങാടി പമ്പുഹൗസിന്റെ വാൽവ് തകരാർ പരിഹരിച്ചെന്ന് ജലഅതോറിട്ടി പറയുമ്പോഴും നഗരത്തിലെ മിക്ക വീടുകളിലും കുടിവെള്ളം എത്തിയില്ല. വാൽവ് തകരാറിലായതോടെ തുടർച്ചയായി നാലാം ദിവസവും നഗരത്തിൽ കുടിവെള്ളം മുടങ്ങി. മുന്നറിയിപ്പില്ലാതെ ജലവിതരണം മുടങ്ങിയത് മുല്ലക്കൽ, പള്ളാത്തുരുത്തി, തിരുമല, വഴിച്ചേരി, പാലസ് വാർഡുകളിലെ 3000ത്തോളം കുടുംബങ്ങളെ ദുരിതത്തിലാക്കിയത്. പഴവങ്ങാടി പമ്പ് ഹൗസിന്റെ പ്രധാന വാൽവ് തകരാറിലായതാണ് കുടിവെള്ളം മുടങ്ങാൻ കാരണം. തുമ്പോളിയിൽ പ്രധാന വിതരണകുഴലാണ് പൊട്ടിയത്. ഇരു തകരാറും ഇന്നലെ പരിഹരിച്ച് പമ്പിംഗ് ആരംഭിച്ചെന്നാണ് അധികൃതർ പറയുന്നത്. പഴവങ്ങാടിയിൽ ഓവർഹെഡ് ടാങ്കിൽ നിന്ന് ഓരോ വാർഡിലേക്കും നിശ്ചിത ഇടവേളകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാൽവാണ് തകരാറിലായത്. കൊങ്ങിണിചുടുകാട് ജംഗ്ഷനിൽ പൈപ്പ് പൊട്ടിയതോടെ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളും വീടുകളും വെള്ളക്കെട്ടിലായി. പൈപ്പ് പൊട്ടിയതോടെ പ്രദേശത്ത് വെള്ളം കിട്ടാതായി. പൊട്ടൽ പരിഹരിക്കുന്നതിന് കരാറുകാരനെ ചുമതലപ്പെടുത്തിയെങ്കിലും എന്ന് പരിഹരിക്കാനാകുമെന്ന് പറയാനാകാതെ അധികൃതർ ഇരുട്ടിൽ തപ്പുകയാണ്. കുടിവെള്ള വിതരണം നിലച്ചതോടെ സ്വകാര്യ ആർ.ഒ.പ്ളാന്റിൽ നിന്ന് ലിറ്ററിന് ഒരുരൂപ നിരക്കിലാണ് പ്രദേശവാസികൾ കുടിവെള്ളം വാങ്ങുന്നത്.
........
പഴവങ്ങാടി പമ്പ് ഹൗസിൽ നിന്നുള്ള പ്രധാന വാൽവിന്റെ തകരാർ പരിഹരിച്ചു കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. ഇന്ന് മുതൽ തുമ്പോളിയിൽ പുനസ്ഥാപിക്കും.
അസി.എൻജിനിയർ, ജലഅതോറിട്ടി, ആലപ്പുഴ