
തുറവൂർ: പഴയ വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് ഗൃഹനാഥന് ദാരുണാന്ത്യം. തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് മുണ്ടുപറമ്പിൽ സിദ്ധാർത്ഥന്റെ മകൻ പ്രദീപ് (56) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പുതിയ വീട് നിർമ്മിച്ചതിനെ തുടർന്ന് സമീപത്തെ പഴയ വീടിന്റെ അവശേഷിച്ചിരുന്ന കുറച്ച് ഭാഗം പൊളിച്ചു നീക്കുന്നതിനിടെ പ്രദീപ് ഇടിഞ്ഞു വീണ ഭിത്തിയ്ക്കടിയിൽപ്പെടുകയായിരുന്നു. ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതുവഴി പോയ തൊഴിലുറപ്പ് തൊഴിലാളികളാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ബോധരഹിതനായി കിടക്കുന്ന നിലയിൽ പ്രദീപിനെ ആദ്യം കണ്ടത്. ഇവർ നിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികൾ ചേർന്ന് ഉടൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ:പ്രസന്ന, മക്കൾ: പ്രിയങ്ക, പ്രയേസി. മരുമകൻ: അനന്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അരൂക്കുറ്റി ഗവ. ആശുപത്രിയിലേക്ക് മാറ്റി. കാറ്ററിംഗ് തൊഴിലാളിയായിരുന്നു. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. കുത്തിയതോട് പൊലീസ് കേസെടുത്തു.