
മാന്നാർ: സംസ്ഥാന ജൂനിയർ ക്രിക്കറ്റ് ടീമിലേക്ക് കുട്ടംപേരൂർ എസ്.കെ.വി ഹൈസ്‌കൂൾ വിദ്യാർത്ഥികൾ ഇടം നേടി. ആലപ്പുഴ ജില്ലാതല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച എസ്.കെ.വി ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ഋഷികേശ് എച്ച്.നായർ, അഭിറാം ജി.ബി എന്നിവരാണ് സംസ്ഥാന ജൂനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥികളുടെ നിരന്തരമായ കഠിനാധ്വാനവും എസ്.കെ.വി ഹൈസ്കൂളിലെ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന ചിട്ടയായ പരിശീലനവുമാണ് ഈ നേട്ടത്തിന് അർഹരാക്കിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. കുട്ടംപേരൂർ ചെമ്പകപ്പള്ളിൽ ശങ്കരനാരായണൻ നായരുടെ ചെറുമകനും, പ്രീതി ശങ്കറിന്റെ മകനുമാണ് പത്താംക്ലാസ് വിദ്യാർത്ഥിയായ ഋഷികേശ് എച്ച്.നായർ. പെരിങ്ങലിപ്പുറം ശുഭ ഭവനത്തിൽ ബാലപ്രതാപിന്റെയും ശുഭയുടെയും മകനാണ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഭിറാം ജി.ബി.