ചേർത്തല:ഒറ്റമശേരി തീരത്തടിഞ്ഞ തിമിംഗലത്തിന്റെ സംസ്‌കാരം നടത്തിയ സംഭവം കടക്കരപ്പള്ളിയിൽ വിവാദമാകുന്നു.സംസ്‌കാരത്തിനായി 6.29ലക്ഷമാണ് കടക്കരപ്പളളി പഞ്ചായത്ത് ചെലവിട്ടത്.ഇത്രയും തുക ചിലവഴിച്ചതിനെചൊല്ലി കഴിഞ്ഞ ദിവസം നടന്ന കമ്മിറ്റിയിൽ തർക്കവും വിമർശനവുമുയർന്നിരുന്നു. വിഷയം തീരപ്രദേശത്തും സമൂഹമാദ്ധ്യമങ്ങളിലുമടക്കം സജീവ ചർച്ചയായിരിക്കുകയാണ്.തിമിംഗലത്തിന്റെ ജഡം സംസ്‌കരിച്ചതിൽ വലിയ അഴിമതി നടന്നതായും ഇതിൽ അന്വേഷണം വേണമെന്നും മത്സ്യതൊഴിലാളി ഫെഡറേഷൻ(സി.ഐ.ടി.യു) ആവശ്യപ്പെട്ടു.ലക്ഷങ്ങൾ മുടക്കിയുള്ള സംസ്‌കാരം രണ്ടു പഞ്ചായത്തുകളിൽ മലിനീകരണത്തിന് കാരണമായി.തീരസംരക്ഷണത്തിനു സമീപ പഞ്ചായത്തുകൾ ഫണ്ടു വിനിയോഗിച്ചപ്പോൾ അതിന് മടിച്ചവരാണ് ഇപ്പോൾ തിമിംഗലത്തിന്റെ പേരിൽ ലക്ഷങ്ങൾ ചെലവിട്ടതെന്ന് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് പി.ഐ.ഹാരിസും സെക്രട്ടറി സി.ഷാംജിയും ആരോപിച്ചു.മത്സ്യ തൊഴിലാളി ഗ്രാമങ്ങളെ ചൂഷണം ചെയ്യുന്നനടപടികൾ അനുവദിക്കില്ലെന്നും അവർ മുന്നറിയിപ്പു നൽകി.എന്നാൽതെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങളാണു നടക്കുന്നതെന്നും അടിയന്തര ഘട്ടത്തിൽ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള നടപടികളാണ് നടത്തിയതെന്നാണ് ഭരണകക്ഷിയംഗങ്ങളുടെ വാദം.സുതാര്യമായ തരത്തിലാണു തുക വിനിയോഗിച്ചതെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള ആരോപണങ്ങളാണുയരുന്നതെന്നുമാണ് അവർ പറയുന്നത്.