ചേർത്തല:ചേർത്തല ഉപജില്ലാ സ്‌കൂൾ കലോത്സവം 25നും 28 മുതൽ 30വരെയും കണിച്ചുകുളങ്ങരയിലെ എട്ടു വേദികളിലായി നടക്കും.25ന് രചനാ മത്സരങ്ങളും എൽ.പി വിഭാഗം മത്സരങ്ങളും തുടങ്ങും.വി.എച്ച്.എസ്.എസ് കണിച്ചുകുളങ്ങര,ജി.എച്ച്.എസ്,പെരുന്നേർമംഗലം ഗവ.എൽ.പി സ്‌കൂൾ,ഗുരുപൂജാ ഹാൾ എന്നിവിടങ്ങളിലായാണ് പ്രധാന വേദികൾ.
ഉപജില്ലയിലെ എൽ.പി മുതൽ ഹയർസെക്കൻഡറിവരെ 86 സ്‌കൂളുകളിൽ നിന്നായി 351 ഇനങ്ങളിലായി 6500 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നതെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.മധു,ജനറൽ കൺവീനർ എം.അജിത,പ്രോഗ്രാം കമ്മിറ്റി കൺവീനർ ബാബു രാമചന്ദ്രൻ, പി.വി.ജുബീഷ്,നിമ്മിനമ്പ്യാർ,ആർ.രാജേശ്വരി,കെ.ഡി.അജിമോൻ,സി.സതീശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലുദിനങ്ങളിലും മത്സരാർത്ഥികൾക്ക് വിഭവ സമൃദ്ധമായ ഭക്ഷണമടക്കം ഒരുക്കുന്നുണ്ട്.
28ന് വൈകിട്ട് നാലിന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്യും.മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി അദ്ധ്യക്ഷയാകും.കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ മുഖ്യപ്രഭാഷണം നടത്തും.ചേർത്തല നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവൻ കലോത്സവ സന്ദേശം നൽകും.
30ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ അദ്ധ്യക്ഷനാകും.ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് സമ്മാനദാനം നടത്തും.