
ആലപ്പുഴ: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്റെ നഗരസഭാതല പ്രഖ്യാപനം പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവഹിച്ചു.
കഴിഞ്ഞ ജൂലായിലാണ് നഗരസഭയിൽ പദ്ധതിയാരംഭിച്ചത്. മൂന്ന് മാസം കൊണ്ട് ലക്ഷ്യം കൈവരിക്കാനായി. വിദ്യാർത്ഥികൾ, ആശ വർക്കർമാർ, അങ്കണവാടി അദ്ധ്യാപകർ, എൻ.എസ്.എസ്, എൻ.സി.സി, കുടുംബശ്രീ, സാക്ഷരത മിഷൻ, എസ്.സി, എസ്.ടി പ്രമോർട്ടർമാർ, സന്നദ്ധ സേന, ലൈബ്രറി കൗൺസിൽ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തി. 818 വോളന്റിയർമാരാണ് പിന്നിൽ പ്രവർത്തിച്ചത്.
മുനിസിപ്പൽ സെക്രട്ടറി എ.എം.മുംതാസ്, നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, പ്രതിപക്ഷ നേതാവ് അഡ്വ.റീഗോ രാജു, എ.എസ്.കവിത, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ സൗമ്യരാജ്, കൊച്ചുത്യേസ്യാമ്മ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. എന്നാൽ, പ്രതിപക്ഷ അംഗങ്ങളായ പി.എസ്.ഫൈസൽ, സുമം സ്‌കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ തുടങ്ങിയവർ വിയോജനം രേഖപ്പെടുത്തി. നഗരസഭയുടെ പുരസ്ക്കാരം എന്ന പേരിൽ പ്രചരിപ്പിച്ച ഫ്ലക്സുകൾ നഗരത്തിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചതായും ജയമ്മ വ്യക്തമാക്കി.
തട്ടിപ്പ് പ്രഖ്യാപനമെന്ന് പ്രതിപക്ഷം
1. നവംബർ ഒന്നിന് മുമ്പായി നഗരസഭകൾ ഡിജിറ്റൽ സാക്ഷരതയിൽ സമ്പൂർണ്ണത കൈവരിച്ചുവെന്ന പ്രഖ്യാപനം നടത്തണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശം പാലിക്കാൻ വേണ്ടി മാത്രമാണ് പ്രഖ്യാപനം
2. ഏതാനും ചില വാർഡുകളിൽ വളരെ കുറച്ച് ആളുകളെ ഇരുത്തി ഫോണിന്റെ ഉപയോഗം പറഞ്ഞുകൊടുത്തത് കൊണ്ട് നഗരസഭ ആകെ സമ്പൂർണ്ണ സാക്ഷരത കൈവരിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് തട്ടിപ്പാണ്
3. സമ്പൂർണ്ണ സാക്ഷരത കൈവരിച്ചുവെന്ന് പ്രഖ്യാപിക്കുന്നതിന് പകരം ഒന്നാംഘട്ട പ്രഖ്യാപനമെന്നോ, ഭാഗികമായി പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനമെന്നോ നടത്തണമെന്ന പ്രതിപക്ഷ അവശ്യം നിരാകരിച്ചു
ഡിജിറ്റൽ വഴി
52 വാർഡുകളിലെ 42867 വീടുകളിൽ നിന്നായി 78031 അംഗങ്ങളിൽ നടത്തിയ സർവെയിൽ 14നും 64നും ഇടയിലുളള 11583 പേർ ഡിജിറ്റൽ സാക്ഷരരല്ലന്ന് കണ്ടെത്തി
തുടർന്ന് മൂന്നോ നാലോ വാർഡുകൾ സംയുക്തമായി ക്ലാസുകൾ സംഘടിപ്പിച്ചു
കിടപ്പ് രോഗികൾ, വയോധികർ തുടങ്ങിയവർക്കായി വീടുകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകി
മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും പരിശീലനം നൽകി
സർക്കാർ സേവനങ്ങൾ അറിയുന്നതിനും സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യുന്നതിനും പ്രാപ്തമാക്കി