ആലപ്പുഴ: ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 56 പോയിന്റുമായി ആലപ്പുഴ ഉപജില്ലയുടെ മുന്നേറ്റം തുടരുന്നു. 45 പോയിന്റുമായി ചേർത്തല ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത് . പോൾ വാൾട്ട് ഇനങ്ങളിൽ മുഹമ്മ ചാരമംഗലം സ്കൂൾ ഗ്രൗണ്ടിലായിരുന്നു ഇന്നലത്തെ മത്സരങ്ങൾ. ക്രോസ് കൺട്രി മത്സരങ്ങളും ഇന്നലെ നടന്നു. ആൺകുട്ടികൾക്ക് ആറ് കിലോമീറ്ററിലും, പെൺകുട്ടികൾക്ക് നാല് കിലോമീറ്ററിലുമായിരുന്നു മത്സരങ്ങൾ. ചാരമംഗലം ഡി.വി.എച്ച്.എസ്.എസിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സീനിയർ ജൂനിയർ വിഭാഗം പോൾവാൾട്ട് മത്സരങ്ങളാണ് നടന്നത്. പെൺകുട്ടികളുടെ ഇരുവിഭാഗത്തിലും കലവൂർ ജി.എച്ച്.എസ്.എസിലൂടെ ഇരട്ട സ്വർണം നേടിയാണ് ആലപ്പുഴയ്ക്ക് പിന്നാലെ ചേർത്തല മുന്നേറിയെത്തിയത്. 16 ഇനങ്ങൾ പൂർത്തിയായപ്പോൾ ഏഴ് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെയാണ് ആലപ്പുഴ 56 പോയിന്റ് നേടിയത്. 14 പോയിന്റുള്ള ഹരിപ്പാട് മൂന്നാം സ്ഥാനത്താണ്.
സ്‌കൂളുകളിൽ മൂന്ന് സ്വർണവും ഒരു വെങ്കലവുമടക്കം 16 പോയിന്റുമായി ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ഒന്നാമതാണ്. രണ്ട് സ്വർണവും ഒന്നുവീതം വെള്ളിയും വെങ്കലവുമായി 14 പോയിന്റോടെ ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് രണ്ടാംസ്ഥാനത്തും, രണ്ടാം ദിനം നേടിയ രണ്ട് സ്വർണത്തിന്റെയും ഒരു വെള്ളിയുടെയും കരുത്തിൽ 13 പോയിന്റോടെ കലവൂർ ഗവ. എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് മത്സരങ്ങളില്ല. 26ന് സെന്റ് മൈക്കിസ് കോളേജ് ഗ്രൗണ്ടിൽ ട്രാക്ക് മത്സരങ്ങൾ ആരംഭിക്കും.