s

ചേർത്തല:വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഉപ തിരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധിക്ക് രാഹുൽഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷം കിട്ടുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കണിച്ചുകുളങ്ങരയിൽ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.

ചേലക്കരയിൽ സി.പി.എമ്മിനാണ് നിലവിൽ മുൻതൂക്കം. പാലക്കാട് കടുത്ത ത്രികോണ മത്സരം നടക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.ശ്രീധരന് വ്യക്തിപരമായി വോട്ടുകൾ ലഭിച്ചിരുന്നു. ഇക്കുറി മത്സരം ശക്തമാകും. യു.ഡി.എഫ് സ്ഥാനാർത്ഥിയും മികച്ചതാണ്. ഇവിടെ ഫലം പ്രവചനാതീതമാണ്. നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും വിവാദ വിഷയങ്ങളും തിരഞ്ഞെടുപ്പിൽ നിർണായകമാണ്. ഉപ തിരഞ്ഞെടുപ്പിൽ ഒരു നിലപാടുമില്ല. എൻ.എസ്.എസിന് സമദൂരമുണ്ടെങ്കിലും അതിനുള്ളിൽ മറ്റൊരു ദൂരമുണ്ട്. തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും നിർണായകമാണ്. ചെറിയ വോട്ടുകൾക്കാണ് പല മണ്ഡലങ്ങളിലും വിജയിക്കാറുള്ളത്. ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാണെന്ന അഭിപ്രായമില്ല. പി.വി.അൻവറിനെ വിലകുറച്ച് കാണേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.