മാന്നാർ: 'ചോരാത്ത വീട്' പദ്ധതിയിലെ 49-ാമത് വീടിന്റെ നിർമ്മാണോദ്‌ഘാടനം ഇന്ന് നടക്കും. വർഷങ്ങളായി ചോർന്നൊലിച്ച് വാസയോഗ്യമല്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന നിരണം വടക്കുംഭാഗം സെൻട്രൽ എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിക്കും കുടുംബത്തിനും നിർമ്മിച്ച് നൽകുന്ന വീടിന്റെ നിർമ്മാണോദ്‌ഘാടനം ഇന്ന് രാവിലെ 10 ന് വീയപുരം ഇരതോട് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ.ജെയിൻ സി.മാത്യു നിർവഹിക്കും. ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ.കരീം അദ്ധ്യക്ഷത വഹിക്കും. തിരുവല്ല വിദ്യാഭ്യാസ ഉപജില്ല ഓഫീസർ വി.കെ.മിനി കുമാരി മുഖ്യാതിഥിയാവും. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും പരുമല സെമിനാരി എൽ.പി സ്‌കൂൾ മുൻ ഹെഡ്മാസ്റ്ററുമായ അലക്‌സാണ്ടർ പി.ജോർജ്ജിന്റെയും സുമനസുകളുടെയും സഹായത്തോടെയാണ് വീട് നിർമ്മാണം.