ആലപ്പുഴ : പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങൾ കുട്ടനാട്ടിൽ പുരോഗമിക്കവേ, പതിവ് വിത്തിനമായ
ഉമയ്ക്ക് പകരം പൗർണമി പരീക്ഷിക്കാനിറങ്ങിയവർക്ക് തിരിച്ചടി. വിത്ത് ക്ഷാമം കാരണം പൗർണമിക്കായി കർഷകർ നെട്ടോട്ടത്തിലാണ്. ഇതോടെ, ഇത്തവണയും ഉമ നൽകാനാണ് കൃഷി വകുപ്പിന്റെ നീക്കം.
രണ്ടാം കൃഷിയുടെ കൊയ്ത്ത് പുരോഗമിക്കവേ, പുഞ്ചയ്ക്കായി അയൽ സംസ്ഥാനങ്ങളിൽ നിന്ന് 982 ടൺ ഉമ വിത്ത് ഇതിനകം കുട്ടനാട്ടിലെത്തിച്ചു കഴിഞ്ഞു. ദേശീയ വിത്ത് വികസന ഗവേഷണകേന്ദ്രത്തിൽ നിന്ന് വിത്ത് ലഭിക്കാത്തതുകൊണ്ടാണ് അയൽ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നത്.
30,000ഹെക്ടർ കൃഷിയിടത്തിൽ ഇത്തവണ 27,000ൽ അധികം ഹെക്ടറിൽ പുഞ്ചകൃഷി ഇറക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്. ഇതിനായി 2700ടൺ വിത്ത് വേണ്ടിവരും. സംസ്ഥാന വിത്ത് ഉത്പാദന കേന്ദത്തിൽ നിന്ന് 1579 ടണ്ണും തൃശൂർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി വിവിധ ഏജൻസികളിൽ നിന്ന് സംഭരിക്കുന്ന 25.6 ടണ്ണും നാഷണൽ സീഡ് കോർപ്പറേഷന്റെ 146.11 ടൺ വിത്തും ലഭിച്ചാലും 949.29 ടൺ വിത്ത് കൂടി ലഭിച്ചാലേ പുഞ്ച കൃഷി പൂർണമാകൂ. ഇതോടെയാണ് അയൽ സംസ്ഥാനങ്ങളിൽ വിത്തെടുക്കാൻ തീരുമാനിച്ചത്.
വിത്തിനായി നെട്ടോട്ടം
1.ഉഷ്ണതരംഗമുൾപ്പെടെ കാലാവസ്ഥാ വ്യതിയാനം കാരണം കഴിഞ്ഞ സീസണിൽ വിളവ് കുറഞ്ഞത് ഉമയ്ക്ക് പോലും ക്ഷാമത്തിന് കാരണമായി. രാമങ്കരി, ചമ്പക്കുളം, പുളിങ്കുന്ന് മേഖലകളിലാണ് വിത്ത് ക്ഷാമം ഇത്തവണയും രൂക്ഷമായത്
2.120 ദിവസം കൊണ്ട് മൂപ്പെത്തുന്ന ഉമയാണ് കുട്ടനാട്ടിൽ കൃഷിയിറക്കുന്നത്. ഒരു ഏക്കറിന് മിനിമം 40 കിലോ വിത്ത് വേണമെന്നാണ് കണക്ക്. തൃശൂരിലെ സംസ്ഥാന വിത്തുവികസന കോർപ്പറേഷനിൽ നിന്നാണ് നെൽവിത്ത് ലഭ്യമാക്കുന്നത്
3. ഉമയ്ക്ക് പുറമേ മനുരത്നയും എത്തുന്നുണ്ട്. തുലാവർഷത്തിന്റെ കാഠിന്യം കുറയുന്നതനുസരിച്ച് നവംബറിൽ വിത ആരംഭിച്ച് ജനുവരി അവസാനം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കിലോഗ്രാമിന് 42രൂപ നിരക്കിലാണ് വിത്ത് വാങ്ങുന്നത്
4. വിത്തിന്റെ കയറ്റിറക്ക് കൂലിയായി കിലോഗ്രാമിന് രണ്ട് രൂപവീതം വേണ്ടിവരുന്നുണ്ട്. പുറംബണ്ട് ബലപ്പെടുത്തൽ, വളം,കക്ക, സബ്‌സിഡി, വിത്ത് തുടങ്ങിയ ഇനങ്ങൾക്ക് കൃഷിവകുപ്പ് ഫണ്ടുണ്ടെങ്കിലും ഇത് കുടിശികയാണ്
പുഞ്ചകൃഷി
വിളവിറക്കുന്നത് : 27,000ഹെക്ടർ
ആവശ്യമായ വിത്ത് : 2,700 ടൺ
ഏജൻസികൾ വഴി : 1750.71ടൺ
കുറവ് വരുന്നത് : 949.29ടൺ
വില കിലോക്ക്: 42രൂപ
പുഞ്ചകൃഷിക്ക് 2700ടൺ വിത്താണ് വേണ്ടത്. 2600ടൺ കൃഷി വകുപ്പ് ഉറപ്പാക്കിയിട്ടുണ്ട്. കുറവുള്ളത് കർഷകർ നേരിട്ട് വാങ്ങി വിളയിറക്കുന്ന മുറയ്ക്ക് വിത്തിന്റെ വില കൈമാറാൻ നടപടി സ്വീകരിക്കും
-എ.ഡി.എ, കെ.സി.പി.എം, ആലപ്പുഴ