
കുട്ടനാട്: പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകനായ എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫ് (62) മരിച്ച സംഭവത്തിൽ കുട്ടനാട്ടിൽ വ്യാപക പ്രതിഷേധം. ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തെ ചിറയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൃഷി ഒരുക്കങ്ങൾക്കായി പാടത്തേക്ക് ഇറങ്ങുന്നതിനിടെ പൊട്ടിക്കിടന്ന കമ്പിയിൽ നിന്ന് അബദ്ധത്തിൽ ഷോക്ക് ഏൽക്കുകയായിരുന്നു.
തലേദിവസം വൈകിട്ടുണ്ടായ മഴയിൽ വൈദ്യുതകമ്പി പൊട്ടി വീണ വിവരം നാട്ടുകാർ പലതവണ
വൈദ്യുതി ഓഫീസിൽ അറിയിച്ചെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. ജീവനക്കാരുടെ നിരുത്തരവാദപരമായ ഈ സമീപനമാണ് കർഷകന്റെ ജീവനെടുത്തതെന്നതാണ് നാട്ടുകാരുടെ ആക്ഷേപം.
അതിനാൽ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നെൽകർഷക സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ എടത്വ വൈദ്യുതി ഓഫീസ് പടിക്കലിൽ നടന്ന പ്രതിഷേധം സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധൻ നായർ ഉദ്ഘാടനം ചെയ്തു. കറിയാച്ചൻ ചേന്നങ്കര അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി സോണിച്ചൻ പുളിങ്കുന്ന്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ആർ. സതീശൻ, വിശ്വനാഥപിള്ള, അജയകുമാർ തകഴി തുടങ്ങിയവർ സംസാരിച്ചു. റോയി ഊരാംവേലി സ്വാഗതം പറഞ്ഞു.