ചേർത്തല: ഒറ്റമശേരി തീരത്തടിഞ്ഞ തിമിംഗലത്തിന്റെ സംസ്‌കാര ചെലവിന്റെ പേരിൽ കടക്കരപ്പള്ളിയിൽ വാദപ്രതിവാദം മുറുകുന്നു. സംസ്‌കാരത്തിനായി 6.29 ലക്ഷമാണ് കടക്കരപ്പളളി പഞ്ചായത്ത് ചെലവിട്ടത്. ഇതിൽ വ്യാപക വിമർശനങ്ങളും അഴിമതി ആരോപണങ്ങളും ഉയർന്നിരുന്നു. എന്നാൽ,​ പഞ്ചായത്ത് കമ്മിറ്റി കണക്ക് അംഗീകരിച്ചതാണെന്നും പ്രവർത്തനങ്ങളെല്ലാം സുതാര്യമാണെന്നും പ്രസിഡന്റ് ജയിംസ് ചിങ്കുതറയും കോൺഗ്രസ് അംഗങ്ങളും വാദമുയർത്തി പ്രതിരോധിച്ചിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ അവകാശവാദങ്ങൾ കാപട്യമാണെന്ന ആരോപണവുമായി എൽ.ഡി.എഫ് രംഗത്തുവന്നു. പഞ്ചായത്ത് കമ്മിറ്റിയിൽ ഏഴ് എൽ.ഡി.എഫ് അംഗങ്ങളും ഒരു കോൺഗ്രസ് അംഗവും ചെലവിനെ എതിർത്തിരുന്നു. ഏഴംഗങ്ങളുടെ വിയോജനകുറിപ്പ് രേഖപെടുത്താൻ സെക്രട്ടറിയോട് നിർദ്ദേശിച്ചിരുന്നതായും സെക്രട്ടറിയുടെ ഉറപ്പു ലഭിച്ചിരുന്നതായും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാക്കളായ ടി.കെ.സത്യാനന്ദനും,പി.ഡി.ഗഗാറിനും അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ തലയിൽ അഴിമതി കെട്ടിവച്ച് രക്ഷപ്പെടാനാണ് പ്രസിഡന്റ് ശ്രമിക്കുന്നതെന്നും അവർ ആരോപിച്ചു. ഇത് അംഗീകരിക്കില്ലെന്നും സമഗ്രമായ അന്വേഷണമാണ് എൽ.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.