
ആലപ്പുഴ: സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാൻസിറ്റ് ഹോം 28ന് ആലപ്പുഴ വലിയകുളത്ത് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ട്രാൻസിറ്റ് ഹോം മനേജരുടെ ചുമതല നിർവ്വഹിക്കുന്നതിന് പ്രൊബേഷൻ ഓഫീസാണ്. സ്ഥാപനത്തിന്റെ സുരക്ഷാ ചുമതല പൊലീസിനാണ്. ജില്ലാ മജിസ്ട്രേറ്റ് അദ്ധ്യക്ഷനായ എട്ട് അംഗങ്ങളുള്ള ജില്ലാ മൂല്യനിർണ്ണയ കമ്മിറ്റിയാണ് ട്രാൻസിറ്റ് ഹോമിന്റെ പ്രവർത്തനവും നടത്തിപ്പും വിലയിരുത്തേണ്ടത്. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന യോഗത്തിൽ കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്, സാമൂഹ്യനീതി ഡയറക്ടർ ജി.പ്രിയങ്ക, സബ് ജഡ്ജ് പ്രമോദ് മുരളി, ജില്ലാ പൊലീസ് സൂപ്രണ്ട് മോഹനചന്ദ്രൻ, നഗരസഭ അദ്ധ്യക്ഷ കെ.കെ.ജയമ്മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നസീർ പുന്നക്കൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജമുന വർഗീസ്, വാർഡ് കൗൺസിലർ ബി.നസീർ, ജില്ലാ ജയിൽ സൂപ്രണ്ട് എ.അംജിത്ത്, പ്രൊബേഷൻ ഓഫീസർ എസ്.സന്തോഷ് എന്നിവർ പങ്കെടുക്കും.
.......
ട്രാൻസിറ്റ് ഹോം
അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്ന വിദേശ പൗരന്മാരെയും പാസ്പോർട്ട് കാലാവധിക്ക് ശേഷമോ വിസ കാലാവധിക്ക് ശേഷമോ രാജ്യത്ത് നിയമാനുസൃതമല്ലാതെ തുടരുന്ന വിദേശ പൗരന്മാരെയും, മറ്റുവിധത്തിൽ സംരക്ഷണം ആവശ്യപ്പെടുന്നരായ വിദേശ പൗരന്മാരെയും നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നത് വരെ താത്കാലികമായി താമസിപ്പിക്കുന്നതിനുള്ള സാമൂഹ്യനീതി വുപ്പിന് കീഴിലുള്ള സംവിധാനമാണ് ട്രാൻസിറ്റ് ഹോം.