
ആലപ്പുഴ: കുട്ടനാട്ടിൽ നിന്ന് വിഷരഹിത കുത്തരി ഉത്പാദിപ്പിച്ച് കായൽ രത്ന എന്ന പേരിൽ
വിപണിയിലെത്തിക്കാൻ കഴിയുന്നത് അഭിമാനകരമെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ചങ്ങനാശ്ശേരി സെന്റ് ബർക്കമൻസ് കോളേജിലെ കൺസൾട്ടൻസി സെല്ലിന്റെ സഹായത്തോടെ ജില്ലാ ഭരണകൂടം തയ്യാറാക്കിയ കായൽരത്ന കുട്ടനാടൻ കുത്തരിയുടെ സമഗ്ര പദ്ധതി റിപ്പോർട്ട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ തിരഞ്ഞെടുത്ത പാടശേഖരങ്ങളിൽ നിന്ന് സംഭരിക്കുന്ന നെല്ല് കുടുംബശ്രീ മിഷൻ മുഖേന സംസ്‌കരിച്ച് കായൽ രത്ന എന്ന ബ്രാൻഡിൽ അരിയാക്കി വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 135 ഹെക്ടറിലെ നെല്ലാണ് സംഭരിക്കുന്നത്. സംഭരണത്തിന്റെ മുറയ്ക്ക് നെൽവില കർഷകർക്ക് ലഭ്യമാക്കുന്നതിനൊപ്പം നിശ്ചിത അളവിൽ തവിട് നിലനിർത്തി ഗുണമേന്മയുള്ള അരി വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.
ചങ്ങനാശ്ശേരി എസ്.ബി കോളേജിന്റെ സഹകരണത്തോടെയാണ് പ്രാരംഭ പദ്ധതി രേഖ തയ്യാറാക്കിയത്.
ജില്ലാകളക്ടർ അലക്സ് വർഗീസ് ആമുഖ്യപ്രഭാഷണം നടത്തി. പി.പി.ചിത്തരഞ്ജൻ എം.എൽ.എ നേരിട്ടും എം.എൽ.മാരായ ദലീമ ജോജോ, എം.എസ്.അരുൺ കുമാർ എന്നിവർ ഓൺലൈനായും സംബന്ധിച്ചു. എസ്.ബി കോളേജ് ഹ്യുമാനിറ്റീസ് വകുപ്പ് ഡീൻ പ്രൊഫ.ഡോ.മാത്യു ജോസഫ് സംസാരിച്ചു. എ.ഡി.എം ആശ സി.എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.