
മുഹമ്മ: കുളമാക്കി തറവാട്ടിലെ കാവിനടുത്തെത്തിയാൽ ശാന്തനായി നിൽക്കുന്ന ഒരു ആനയെ കാണാം. തളയ്‌ക്കാത്ത ആനയായതുകൊണ്ട് ആരും അടുത്തെത്താൻ ഒന്നുഭയക്കും. എന്നാൽ, അത് ആനയുടെ ശിൽപ്പമാണെന്ന് അറിയുമ്പോൾ ഭയം കൗതുകമായി മാറും. പിന്നീട് അറിയും, അത് ബധിര യുവാവായ കെ.ജി.ബാബുവിന്റെ (49)കരവിരുതാണെന്ന്. ആന സവാരിക്കും മറ്റുമായി ധാരാളം വിനോദ സഞ്ചാരികളെത്തുന്ന ജി.കൃഷ്ണപ്രസാദിന്റെ കുളമാക്കി തറവാട്ടിൽ ഇതുമാത്രമല്ല,
കടുവയും കാളയുമെല്ലാം ബാബുവിന്റെ പ്രയത്നത്തിൽ രൂപപ്പെട്ടുവരുന്നുണ്ട്.
ശില്പങ്ങളുടെ നിർമ്മാണ ചുമതല പൂർണ്ണമായും ബാബുവിന് വിട്ടുകൊടുത്തിരിക്കുകയാണ് സി.പി.ഐ നേതാവായ കൃഷ്ണപ്രസാദ്.
ശിൽപ്പത്തിന് ആവശ്യമായ സാധനങ്ങൾ ബാബുതന്നെ വാങ്ങിക്കും. ആദ്യം രൂപം ഇരുമ്പ് ഫ്രെയിമിൽ നിർമ്മിക്കും തുടർന്ന് കോൺക്രീറ്റും സിമന്റും തേച്ചുപിടിപ്പിക്കും.
പെയിന്റ് കൂടിചെയ്യുന്നതോടെ ജീവൻതുടിക്കുന്ന ശിൽപ്പം റെഡി.
ഇടവേളകൾ കലാകാരനാക്കി
എട്ടാംക്ളാസ് വരെ മാത്രം വിദ്യാഭ്യസമുള്ള ബാബുവിലെ കലാകാരനാക്കിയത്
കയർ ഫാക്ടറി ജോലിക്കിടയിലെ ഇടവേളകളാണ്. ചെറുപ്പത്തിൽ തന്നെ ചിത്രരചനയും ശിൽപ്പരചനയും വിനോദമാക്കിയ ബാബുവിന് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനം കൂടിയായതോടെ ശ്രീനാരായണ ഗുരുവും കുമാരനാശാനും സ്വാമി വിവേകാനന്ദനും ഉൾപ്പടെയുള്ള മഹാരഥന്മാരുടെ പ്രതിമകളിലേക്ക് കടന്നു.
കയർ ഫാക്ടറിയിൽ തൊഴിലിൽ വരുമാനം കറഞ്ഞതോടെ മേസ്തിരി പണിയിലേക്ക് കടന്നു. ഇപ്പോൾ കെട്ടിട നിർമ്മാണവും ശിൽപ്പർനിർമ്മാണവും ഒരുപോലെ കൊണ്ടുപോകുകയാണ് ബാബു. അച്ഛൻ ഗൗതമൻ, അമ്മ കാഞ്ചന, ഭാര്യ ഉഷ, മക്കളായ വിശാഖ്, വിഷ്ണു എന്നിവരടങ്ങുന്നതാണ് ബാബുവിന്റെ കുടുംബം.