
മാന്നാർ: കനത്ത മഴയിൽ മാന്നാർ ടൗണിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് നിറഞ്ഞു. സംസ്ഥാന പാതയിൽ മാന്നാർ ടൗണിലെ ആറോളം വ്യാപാരസ്ഥാപനങ്ങളും തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡും വെള്ളത്തിലായി. കഴിഞ്ഞ ദിവസം വൈകിട്ടുണ്ടായ കനത്ത മഴയിലാണ് ടൗണിൽ വെള്ളക്കെട്ട് ഉണ്ടായത്. വെള്ളം ഒഴുകി പോകുവാൻ കഴിയാത്ത വിധത്തിൽ ഓടകൾ അടഞ്ഞ് കിടക്കുന്നതിനാലാണ് വലിയ തോതിൽ വെള്ളക്കെട്ട് ഉണ്ടാകുവാൻ കാരണമായത്. ഈ ഭാഗങ്ങളിലെ ഓടകൾ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. അതിനാലാണ് റോഡിൽ നിന്ന് വെള്ളം ഒഴുകി പോകുവാൻ കഴിയാഞ്ഞതും റോഡ് കവിഞ്ഞ് വെള്ളം കടകളിലേക്ക് കയറുവാനും കാരണമായത്. വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങൾക്ക് വലിയ നാശ നഷ്ടങ്ങളാണ് ഉണ്ടായത്. അടിയന്തരമായി ഓടയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ഇവ നവീകരിച്ച് വെള്ളകെട്ട് ഒഴിവാക്കണമെന്ന് വ്യാപാര സംഘടനകൾ ആവശ്യപ്പെട്ടു. എന്നാൽ പല വ്യാപാര സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ ഓടയിൽ നിക്ഷേപിക്കാറുണ്ടെന്നും അതിനാലാണ് ഓടകൾ പെട്ടെന്ന് അടയുന്നതെന്നുമാണ് അധികൃതരുടെ വാദം. റോഡിലെ വെള്ളം ഒഴുകി പോകാൻ കഴിയാതെ വശങ്ങളിലേക്ക് ഒഴുകിയെത്തി കെട്ടിക്കിടന്നതാണ് ഓട്ടോസ്റ്റാൻഡിന് വിനയായത്. വെളളം കയറിയതോടെ ഓട്ടോകൾ സ്റ്റാൻഡിൽ ഇടാൻ കഴിയാതെ ഓട്ടവും മുടങ്ങി.