ആലപ്പുഴ: യുവതിക്കൊപ്പം ലോഡ്‌ജിൽ താമസിച്ചിരുന്ന യുവാവ്, വഴക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചു. ലോഡ്ജ് ജീവനക്കാരുടെയും പൊലീസിന്റെയും അവസരോചിതമായ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി.യുവതി ഓടിരക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഏഴിന് നഗരത്തിലെ ഒരു ലോഡ്ജിലായിരുന്നു സംഭവം. കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ ഇരുവരും വിവാഹിതരാണ്. യുവാവ് ഭാര്യയുമായി അകന്നുകഴിയുകയും യുവതി വിവാഹ ബന്ധം വേർപെടുത്തിയതുമാണ്. ഇരുവർക്കും മക്കളുണ്ട്. യുവതിയുടെ ചികിത്സക്കായി മുറിയെടുത്ത് താമസിക്കുന്നുവെന്നാണ് ലോഡ്ജിൽ പറഞ്ഞത്.
ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവ് രാത്രി ഓട്ടം കഴിഞ്ഞ് വെളുപ്പിനാണ് ലോഡ്ജിലെത്തിയത്. ഇതിനിടെ യുവാവിനെ ഭാര്യ ഫോണിൽ വിളിക്കുകയും അത് യുവതി കാണുകയും ചെയ്തു. തുടർന്ന് ഇതിനെചൊല്ലി ഇരുവരും തർക്കിക്കുകയും വഴക്കിടുകയും ചെയ്തു.
പിന്നീട് യുവതി കുളികഴിഞ്ഞ് ഇറങ്ങുമ്പോൾ മുറിയിലെ ജനൽകമ്പിയിൽ ഷാളിൽ തൂങ്ങി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്. ഭയന്ന് വിളിച്ച യുവതി ലോഡ്ജ് ജീവനക്കാരെയും അവർ പൊലീസിനെയും വിവരമറിയിച്ചു. ഉടൻ തന്നെ ജീവനക്കാർ ഷാൾ അഴിച്ച് യുവാവിനെ ആശുപത്രിയിലാക്കാൻ ശ്രമം തുടങ്ങി. ഇതിനിടെ യുവതി ഓടിരക്ഷപ്പെട്ടു. യുവാവിനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പിന്നീട് യുവതിയെ പൊലീസ് കണ്ടെത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും യുവാവ് അപകടനില തരണം ചെയ്‌തതായും പൊലീസ് പറഞ്ഞു.