ആലപ്പുഴ: ഗ്രൗണ്ടിലെ വെള്ളക്കെട്ട് കാരണം മാറ്റിവച്ച ജില്ലാസ്കൂൾ കായിക മേള 29,30 തീയതികളിലായി മുഹമ്മ മദർ തെരേസ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ നടത്താനിരുന്ന മേളയാണ് മുഹമ്മയിലേക്ക് മാറ്റിയത്. കായികമേളയുടെ നടത്തിപ്പിന് തന്നെ സാമ്പത്തിക പ്രതിസന്ധി തടസമായിരിക്കുമ്പോഴാണ് അപ്രതീക്ഷിത വേദിമാറ്റം. ഈ വകയിൽ അരലക്ഷത്തോളം രൂപ അധികമായി കണ്ടെത്തേണ്ടിവരുമെന്നതാണ് പുതിയ പ്രതിസന്ധി. പന്തൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മഴ തുടർന്നാൽ ഇവിടെയും വെള്ളക്കെട്ടാകും. വാഹന സൗകര്യം കുറഞ്ഞ സ്ഥലമായതിനാൽ മത്സരാർത്ഥികൾ വേദിയിലെത്താൻ ബുദ്ധിമുട്ടേണ്ടി വരും.

പൂ‌ർത്തിയാക്കാനുള്ളത് 122 ഇനങ്ങൾ

1. ഹാമർത്രോ ഇനങ്ങൾ മുഹമ്മ എ.ബി വിലാസം സ്കൂളിലാണ് നടക്കുക. എന്നാൽ,​ ഹൈജംമ്പ് എവിടെ നടക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതിനാവശ്യമായ ബെഡ് ഇല്ലാത്തതാണ് തീരുമാനം വൈകാൻ കാരണം

2. സംസ്ഥാന സ്കൂൾ കായിക മേളയിൽ ജില്ലയിൽ നിന്നുള്ള കായിക താരങ്ങളുടെ പട്ടിക പോർട്ടലിൽ നാളെയാണ് രജിസ്റ്റർ ചെയ്യേണ്ടിരുന്നത്. എന്നാൽ,​ പ്രതികൂലകാലാവസ്ഥ കണക്കിലെടുത്ത് 30 വരെ ജില്ലയ്ക്ക് പ്രത്യേകസമയം അനുവദിച്ചിട്ടണ്ട്

3. കായികമേളയിലെ ജാവലിൻ ത്രോ, ഹാമർത്രോ, ഡിസക്‌സ്‌ ത്രോ എന്നീ ഇനങ്ങൾ വണ്ടാനം മെഡിക്കൽകോളേജ് ഗ്രൗണ്ടിലും പോൾവാട്ട് പുന്തല ആനന്ദേശ്വരം ക്ഷേത്രഗ്രൗണ്ടിലും പൂ‌ർത്തിയായി. 138 ഇനങ്ങളിൽ 122 എണ്ണം ഇനി പൂ‌ർത്തിയാക്കേണ്ടതുണ്ട്

ജില്ലാ സ്‌കൂൾ കായികമേള

ചെലവ് : 8ലക്ഷം

അനുവദിച്ചത്:7.5ലക്ഷം

മത്സരഇനങ്ങൾ

ആകെ: 138

പൂർത്തിയാക്കിയത് :16

സ്‌കൂളുകൾ : 500

വിദ്യാർത്ഥികൾ: 3500

വേദികൾ

 മുഹമ്മ മദർ തെരേസ സ്‌കൂൾ

 മുഹമ്മ എ.ബി വിലാസം സ്കൂൾ