chdukadu

ആലപ്പുഴ: നഗരസഭയുടെ വലിയചുടുകാടിലെ വിശ്രമ കേന്ദ്രത്തിൽ നിരീക്ഷണ

ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞദിവസം വിശ്രമ കേന്ദ്രത്തിലെത്തിയ യുവാവ് രണ്ട് നഗരസഭാ ജീവനക്കാരെ ആക്രമിച്ച സംഭവത്തോടെയാണ് ആവശ്യം ശക്തമായത്. വൈകുന്നേരം ആറുമണിക്ക് ശേഷവും വിശ്രമ കേന്ദ്രത്തിൽ നിന്ന് പോകാൻ കൂട്ടാക്കാത്തവരെ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിനും മർദ്ദനത്തിനും കാരണമായത്.

ആലപ്പുഴ നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ വിശ്രമിക്കാനും വിനോദത്തിനും വിനിയോഗിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വിശ്രമ കേന്ദ്രം. എന്നാൽ,​ രാത്രിയിൽ മതിയായ വെളിച്ചമില്ലാത്തത് ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമാക്കാൻ ഇടയാക്കുന്നു.

സമീപത്തെ കെട്ടിടത്തിൽ പ്ളാസ്റ്റിക്ക് തരംതിരിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കും വിശ്രമ കേന്ദ്രത്തിലെത്തുന്ന സാമൂഹ്യ വിരുദ്ധരും മദ്യപൻമാരും ഭീഷണിയായിട്ടുണ്ട്. ഇവിടെ നിരന്തര നിരീക്ഷണത്തിന് പൊലീസും എക്സൈസും തയ്യാറാകണമെന്നും വിശ്രമ കേന്ദ്രം സി.സി ടി.വി നിരീക്ഷണത്തിലാക്കണമെന്നുമാണ് നാട്ടുകാരുടെയും നഗരസഭാ ജീവനക്കാരുടെയും ആവശ്യം.

ഗേറ്റ് പൂട്ടിയിട്ട് കാര്യമില്ല

1.മരങ്ങൾ കുട ചൂടി നിൽക്കുന്ന ഇവിടെ സന്ദർശകർക്ക് വെയിലും മഴയും കൊള്ളാതിരിക്കാൻ അരഡസനോളം ഇരിപ്പിട സൗകര്യങ്ങളും കഫറ്റേരിയയും വിശ്രമ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുണ്ട്

2.എന്നാൽ,​ അടുത്തകാലത്തായി വിശ്രമ കേന്ദ്രം മദ്യപൻമാരുടെയും ലഹരിക്കച്ചവടക്കാരുടെയും താവളമാണ്. മദ്യലഹരിയിൽ ഇവർ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങൾ പല തവണയുണ്ടായിട്ടുണ്ട്

3.വൈകുന്നേരം ആറുമണിയോടെ ഗേറ്റ് പൂട്ടാറുണ്ട്. എന്നാൽ ചുടുകാട് ഭാഗത്തെ തുറസായ സ്ഥലത്ത് കൂടി എപ്പോൾ വേണമെങ്കിലും വിശ്രമകേന്ദ്രത്തിലേക്ക് ആർക്കും വന്നുപോകാവുന്ന സ്ഥിതിയാണ്

........................................

ലഹരി സംഘങ്ങളുടെ താവളമായി വിശ്രമ കേന്ദ്രം മാറിയ സാഹചര്യത്തിൽ വിശ്രമിക്കാനെത്തുന്നവരുടെയും നഗരസഭയിലെ ജീവനക്കാരുടെയും ഹരിത കർമ്മസേനാംഗങ്ങളുടെയും സുരക്ഷയ്ക്കായി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തണം

- കെ. ചന്ദ്രൻ , സെക്രട്ടറി, മുൻസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ്