
ചേർത്തല: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലക്കാട് എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.സരിൻ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിക്കാനെത്തിയപ്പോൾ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കോൺഗ്രസിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി കൊണ്ടുപോവുകയാണ് ചിലർ. ചത്ത കുതിരയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല. അഞ്ചുപേരാണ് മുഖ്യമന്ത്രിയാകാൻ ഖദറും ധരിച്ച് നടക്കുന്നത്. കോൺഗ്രസിനെ നശിപ്പിക്കുന്നത് വി.ഡി.സതീശനാണ്. കെ.പി.സി.സി പ്രസിഡന്റ് പറയുന്നതിന് എതിര് പ്രതിപക്ഷ നേതാവ് അടുത്തദിവസം പറഞ്ഞിരിക്കും. നിലവിലെ സാഹചര്യത്തിൽ അടുത്തഭരണവും എൽ.ഡി.എഫിന് കിട്ടുമെന്നാണ് വിശ്വസിക്കുന്നത്. എന്നെ ജയിലിൽ ഇടാൻ നോക്കിയവരാണ് കോൺഗ്രസ്. സമത്വ മുന്നേറ്റ യാത്രയ്ക്കിടെ സമൂഹ്യനീതിയെക്കുറിച്ച് പറഞ്ഞപ്പോൾ കേസെടുത്തു. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് സുധീരൻ എഴുതിക്കൊടുത്തപ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കരയോഗം സെക്രട്ടറിയുടെ മാന്യത പോലും കാണിക്കാതെ കേസെടുപ്പിച്ചു. ഒരു തെറ്റും പറഞ്ഞിട്ടില്ലെന്ന് കണ്ടെത്തി കുറ്റമുക്തനാക്കിയത് കോടതിയാണ്. എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചവരാണ് കോൺഗ്രസുകാർ"- വെള്ളാപ്പള്ളി പറഞ്ഞു.
ജനതാദൾ പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥും സരിനൊപ്പമുണ്ടായിരുന്നു.